ഡല്‍ഹി കലാപക്കേസ്: ഖാലിദ് സെയ്ഫിയ്ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം; ജയില്‍ ഡിജിപിക്ക് കത്തയച്ച് എന്‍സിഎച്ച്ആര്‍ഒ
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച പൗരത്വ പ്രക്ഷോഭ നായകന്‍ ഖാലിദ് സെയ്ഫിക്ക് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒ ജയില്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചു. എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അഡ്വ. അഷുതോഷ് കുമാര്‍ മിശ്രയാണ് ഡല്‍ഹിയിലെ ജയില്‍ ഡിജിപിക്ക് കത്തയച്ചത്. ഇപ്പോള്‍ ഡല്‍ഹിയിലെ മണ്ഡോലി ജയിലിലാണ് ഖാലിദ് സെയ്ഫ് തടവില്‍ കഴിയുന്നത്. ഖാലിദ് സെയ്ഫിക്ക് നിരവധി അസുഖങ്ങളുണ്ടെന്നാണ് റിപോര്‍ട്ട്.
ദിവസങ്ങളായി ഒന്നും കഴിച്ചിട്ടില്ല, ജയില്‍ കാന്റീനില്‍ ഭക്ഷണവുമില്ല. അദ്ദേഹത്തിന് ശരിയായ വൈദ്യസഹായം നിഷേധിക്കപ്പെടുന്നു. ഒരു ജനാധിപത്യ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയെയും പോലെ ഒരു തടവുകാരനും അവരുടെ നിലനില്‍പ്പിനാവശ്യമായ ശരിയായ സൗകര്യങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് ഖാലിദ് സെയ്ഫിക്ക് ഉടനടി വൈദ്യസഹായം നല്‍കണമെന്ന് അഷുതോഷ് കുമാര്‍ മിശ്ര അധികാരികളോട് അഭ്യര്‍ഥിച്ചു.
അടുത്തിടെ, ഖാലിദ് സൈഫിക്ക് മതിയായ വൈദ്യസഹായം നല്‍കണമെന്ന് ജയില്‍ അധികൃതരോട് അഭ്യര്‍ഥിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ആക്ടിവിസ്റ്റും യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റിന്റെ സ്ഥാപകനുമായ ഖാലിദ് സെയ്ഫിയെ അറസ്റ്റുചെയ്തത്. ഡല്‍ഹി പോലിസാണ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തിയത്. ഖുറേജി പ്രദേശത്തെ ബാഡി മസ്ജിദിന് സമീപമുള്ള ഖുറേജി പ്രതിഷേധ സൈറ്റിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു സെയ്ഫിയെന്നാണ് പോലിസിന്റെ ആരോപണം.