കെ എം മാണിക്ക് സ്മരണാഞ്ജലി; 10.30 മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനം
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും നാളത്തെ പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു
കോട്ടയം: ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതോടെയാണ് കോട്ടയത്തേക്ക് കൊണ്ടുപോവുക. തുടര്‍ന്ന് 10.30 മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കും. അവിടെനിന്നു വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടുപോവും. ഇവിടെ വൈകീട്ട് പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച ഉച്ചയ്ക്കു രണ്ടുവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിനു സംസ്‌കാര ശ്രുശൂഷകള്‍ തുടങ്ങും. വൈകീട്ട് മൂന്നിനു പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാണു സംസ്‌കരിക്കും.ചൊവ്വാഴ്ച്ച വൈകിട്ട് 4.57നാണ് കെ എം മാണി അന്തരിച്ചത്. ഇതിന് ശേഷം മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. 10 മിനുട്ട് പൊതുദര്‍ശനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തിരക്ക് കാരണം മുക്കാല്‍മണിക്കൂറോളം നീണ്ടു. മരണവിവരം അറിഞ്ഞതുമുതല്‍ നിരവധി പേരാണ് ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടുന്നത്. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കോട്ടയത്തെയും എറണാകുളത്തെയും എല്ലാ മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണം നിര്‍ത്തിലച്ചു. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം നാളെ കോട്ടയത്തെത്തും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും നാളത്തെ പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു.