വഖഫ് സ്വത്തായ പള്ളികളില്‍ വെച്ച് വഖഫ് സംവിധാനം തകര്‍ക്കാനുള്ള നീക്കത്തിനെതിരേ പറയുന്നതില്‍ തെറ്റില്ലെന്ന് കെഎന്‍എം
കോഴിക്കോട്: വഖഫ് സ്വത്തായ പള്ളികളില്‍ വെച്ച് വഖഫ് സംവിധാനം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പറയുന്നതില്‍ കുഴപ്പമില്ലെന്ന് കെ എന്‍ എം പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി പറഞ്ഞു. അതു കൊണ്ട് പ്രശ്‌നമുണ്ടാകുമെന്ന പ്രചാരണം തീര്‍ത്തും ദുരുദ്ദേശ്യത്തോടെയാണ്. വഖഫ് സംവിധാനം നാളിതു വരെ നിലനിന്ന രൂപത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും കെഎന്‍എം പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. മുസ്‌ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒന്നിച്ചു നീങ്ങും. വഖഫ് സംരക്ഷണത്തിന്റെ പ്രാധാന്യം മഹല്ലുകളില്‍ ഉണര്‍ത്തിയാല്‍ സംഘര്‍ഷം ഉണ്ടാകുമെന്ന പ്രസ്താവന സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗ് നേതാക്കളുടെ ആഹ്വാനത്തിനെതിരെ സിപിഎമ്മും കെടി ജലീല്‍ എംഎല്‍എയും ഐഎന്‍എലും നാഷണല്‍ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് ആഹ്വാനം നല്‍കിയത് അത്യന്തം അപകടകരമാണെന്നും, പള്ളികള്‍ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിലൂടെ പറഞ്ഞു. ലീഗിന്റെ ലക്ഷ്യം വര്‍ഗീയചേരിതിരിവിനാണ്. മതധ്രുവീകരണത്തിനും വര്‍ഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താന്‍ ഇത് ഊര്‍ജം നല്‍കുമെന്നും സിപിഎം പറയുന്നു. ലീഗ് നടപ്പാക്കുന്നത് സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മാതൃകയാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.