ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസ്: പണം ഒളിപ്പിച്ച കേസില്‍ പത്താം പ്രതിയുടെ ഭാര്യ അറസ്റ്റില്‍

കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുല്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷ ആണ് അറസ്റ്റിലായത്.

Update: 2021-11-09 14:56 GMT
ബിജെപി കുഴല്‍പ്പണ കവര്‍ച്ചാ കേസ്: പണം ഒളിപ്പിച്ച കേസില്‍ പത്താം പ്രതിയുടെ ഭാര്യ അറസ്റ്റില്‍

തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുല്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷ ആണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും എട്ടര ലക്ഷം രൂപ കണ്ടെടുത്തതായി അന്വേഷണം സംഘം പറഞ്ഞു.കവര്‍ച്ചാ പണം ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിന്‍ഷയുടെ അറസ്‌റ്റോടെ കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലാവുന്നരുടെ എണ്ണം 23 ആയി.

കവര്‍ച്ചപണത്തില്‍ പത്തുലക്ഷം രൂപ ഷാഹിദിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ പണം കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല. ജിന്‍ഷ അടുത്തിടെ ഏഴു ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഒന്നര ലക്ഷം രൂപയും അക്കൗണ്ടിലുളള ഏഴ് ലക്ഷം രൂപയും കവര്‍ച്ച ചെയ്ത പണമാണെന്ന് പ്രതി സമ്മതിച്ചെന്നാണ് പോലിസ് വാദം. പ്രത്യേക അന്വേഷണ സംഘം മേധാവി എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതില്‍ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ കുറ്റപത്രം നല്‍കി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

Tags:    

Similar News