കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേസില്‍ ഏഴാം സാക്ഷിയാണ്
കോഴിക്കോട്: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊടകര കേസിലെ 19ാം പ്രതിയാണ് എഡ്വിന്‍. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് ക്രൂരമായി മര്‍ദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മര്‍ദത്തിലാക്കുന്നതായും എഡ്വിന്‍ ഡോക്ടര്‍മാര്‍ക്കും പോലിസിനും മൊഴി നല്‍കി. ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേസില്‍ ഏഴാം സാക്ഷിയാണ്. കേസില്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും ഉള്‍പ്പെടെ 19 ബിജെപി നേതാക്കളാണ് സാക്ഷികളായുള്ളത്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നതായി സൂചനയുണ്ട്. പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണ്. പരാതിക്കാരനായ ധര്‍മ്മരാജനെയാണ് പണം കൊണ്ടു വരാന്‍ ബിജെപി നേതാക്കള്‍ ഏല്‍പ്പിച്ചത്. പണം എത്തിച്ചതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ഒരുസംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. പണം കവരാന്‍ നേതൃത്വം കൊടുത്തതിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ട് എന്ന വെളിപ്പെടുത്തലുണ്ടായിരുന്നു.