ആറുവയസുകാരിയുടെ കൊലപാതകം; മന്ത്രവാദത്തിന്റെ സ്വാധീനമില്ലെന്ന് സ്ഥിരീകരിച്ച് പോലിസ്
കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരി മുസ്‌കാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രവാദത്തിന്റെ സ്വധീനമില്ലെന്ന് പോലിസ് സ്ഥിരീകരിച്ചു. കോതമംഗലം സ്വദേശിയായ മന്ത്രവാദിയുടെ സ്വാധീനത്തിലല്ല കൊലപാതകം നടന്നതെന്ന് പോലിസ് പറഞ്ഞു. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ തന്നെയായിരുന്നു രണ്ടാനമ്മയായ അനീഷ കൃത്യം നടത്തിയത് എന്നാണ് പോലിസ് പറയുന്നത്.
കോതമംഗലം സ്വദേശിയായ മന്ത്രവാദിയും രണ്ടാനമ്മയും തമ്മില്‍ ബന്ധമുണ്ടെന്ന സംശയമാണ് മന്ത്രവാദത്തിന്റെ ഭാഗമായുള്ള കൊലപാതമെന്ന സംശയം പോലിസിനുണ്ടാക്കിയത്. തുടര്‍ന്ന് മന്ത്രവാദിയെ പോലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരിലായിരുന്നു അനീഷയുമായി മന്ത്രവാദി ബന്ധം സ്ഥാപിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് നെല്ലിക്കുഴിയില്‍ അതിഥി തൊഴിലാളിയുടെ ആറ് വയസ്സുള്ള മകള്‍ മുസ്‌ക്കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഉത്തര്‍പ്രദേശുകാരനായ അജാസ് ഖാനും രണ്ടാനമ്മയും സഹോദരിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തലേന്ന് രാത്രിയില്‍ പിതാവ് പുറത്തുപോയ സമയത്ത് രണ്ടാനമ്മ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ചു ഉറങ്ങിയ കുട്ടി പിന്നീട് എന്നേറ്റിട്ടില്ലെന്നാണ് അനീഷ ആദ്യം പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായത്.
തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്ത ശേഷമാണ് അനീഷയാണ് കൊലനടത്തിയതെന്ന് മനസിലാക്കിയത്. ആദ്യ ഭാര്യ പിണങ്ങിപ്പോയതിനു ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് അജാസ് ഖാന്‍ യുപി സ്വദേശിയായ അനീഷയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് അനീഷ ഗര്‍ഭിണിയായി. അജാസ് ഖാന്റെ ആദ്യബന്ധത്തിലെ കുട്ടിയായ മുസ്‌കാനെ ഒഴിവാക്കി സുഖമായി ജീവിക്കാനാണ് അനീഷ കൊല നടത്തിയതെന്നും പോലിസ് വ്യക്തമാക്കി.