തരൂരിന്റെ പരാതികള്‍ പരിഹരിക്കും; പ്രചാരണത്തിനായി ഇന്ന് മുല്ലപ്പള്ളി എത്തും

വൈകുന്നേരം ആറിന് പേട്ടയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.

Update: 2019-04-13 01:00 GMT

തിരുവനന്തപുരം: പ്രചാരണം മന്ദഗതിയിലായെന്ന ആരോപണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ ഇന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് പേട്ടയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.
 

എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം എന്നിവ ഇന്നലെ മുതല്‍ വേഗത്തിലാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ലെന്ന് കാണിച്ച് തരൂര്‍ ക്യാമ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലയിലെ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെല്ലെപ്പോക്കിന് പിന്നില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എയാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കി. ബിജെപിക്ക് വേണ്ടി ചില നേതാക്കള്‍ പണിയെടുക്കുകയാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ഇതിനിടെ ശിവകുമാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കല്ലിയൂര്‍ മുരളിയുടെ വീടിന്റെ മതിലില്‍ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേര്‍ക്കുകയും ചെയ്തു. ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂര്‍ മുരളി പറഞ്ഞു. എന്നാല്‍ ഡിസിസി പുനഃസംഘടനയില്‍ സ്ഥാനം കിട്ടാത്തതുകൊണ്ടുള്ള പ്രതിഷേധമാണ് കല്ലിയൂര്‍ മുരളിക്കെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മറുപടി.

അതേ സമയം, തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. പ്രചാരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.  

Tags:    

Similar News