കെഎം മാണിയുടെ പാര്‍ട്ടി അധ്വാനിക്കുന്നവന്റെ ഭൂമി തട്ടിപ്പറിക്കുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കരുത്: ശൂരനാട് രാജശേഖരന്‍

കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സില്‍വര്‍ലൈന്‍ പദ്ധതിയോടെ ഇല്ലാതാവുകയാണ്.

Update: 2022-03-28 14:09 GMT

കൊല്ലം: അധ്വാനവര്‍ഗ സിദ്ധാന്തം രൂപപ്പെടുത്തി കെഎം മാണിയുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് അധ്വാനിക്കുന്നവന്റെ ഭൂമി തട്ടിപ്പറിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കൂട്ടുനില്‍ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു. കേരള കോൺ​ഗ്രസ് എം ഇടതുപക്ഷ മുന്നണി വിടണമെന്ന ആവശ്യം കോട്ടയം മേഖലയിൽ നിന്ന് ഉയരുന്നതിനിടെയാണ് ശൂരനാട് രാജശേഖരന്‍റെ പ്രതികരണം.

കെഎം മാണി ജീവിച്ചിരുന്നെങ്കില്‍ ഈ പദ്ധതിയെ എതിര്‍ക്കുമെന്ന് ഉറപ്പാണ്. സമയം കിട്ടുമ്പോള്‍ ജോസ് കെ മാണി സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനം മനസിരുത്തി വായിക്കണം. എന്തുകൊണ്ട് പദ്ധതിയെ എതിര്‍ക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് വളരെ ലളിതമായി ലേഖനത്തില്‍ വിവരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സില്‍വര്‍ലൈന്‍ പദ്ധതിയോടെ ഇല്ലാതാവുകയാണ്. ജനങ്ങള്‍ വിഷമിക്കുമ്പോള്‍, ജനങ്ങള്‍ ഒരു കാരണവുമില്ലാതെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമ്പോള്‍ മത മേലധ്യക്ഷന്‍മാര്‍ ഇടപെടുമെന്നും അതിനെ വിമോചന സമരമെന്ന് പേരില്‍ സര്‍ക്കാര്‍ മുദ്ര കുത്തുന്നത് അപഹാസ്യമാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിച്ചിരുന്നു. കര്‍ഷക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് പദ്ധതിക്കെതിരേ രംഗത്ത് വരണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

Similar News