കോഴിക്കോട്: ആര്‍എസ്എസ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് കെഎസ്ഇബി. വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക വെരിഫൈഡ് പേജാണ് ആര്‍എസ്എസ് ദേശീയ പേജ് പിന്തുടര്‍ന്നത്. ആകെ 31 പേജുകളാണ് കെഎസ്ഇബി ഫോളോ ചെയ്തിരിക്കുന്നത്. അതില്‍ ഒരു പേജ് ആര്‍എസ്എസ്സിന്റേതാണ്. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇത് പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ കേരള പോലിസിന്റെ ഔദ്യോഗിക പേജില്‍ ബിജെപിയുടെ ഓണാശംസ പോസ്റ്റര്‍ ഷെയര്‍ ചെയ്തത് വിവാദമായിരുന്നു. കേരള പോലിസിന്റെ സൈബര്‍ വിങ്ങില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ധിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
ആര്‍എസ്എസ്സിന്റെ ഔദ്യോഗിക പേജ് കെഎസ്ഇബിയുടെ ഫോളോ ചെയ്യുന്നത് സിപിഎം അനുഭാവികള്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. സമൂഹമാധ്യമങ്ങളില്‍ ഇടത് അനുഭാവിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷിനോയ് ചന്ദ്രനാണ് സ്‌ക്രീന്‍ഷോട്ട് സഹിതം കെഎസ്ഇബി ആര്‍എസ്എസ് പേജ് ഫോളോ ചെയ്യുന്ന കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഷിനോയ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍നിന്ന്:
''ഇത് കെഎസ്ഇബിയുടെ ഒഫിഷ്യല്‍ പേജാണ്. അതില്‍ പോയാല്‍ 31 പേജുകളെ/പ്രൊഫൈലുകളെ വെരിഫൈഡ് ഐഡി ആയ കെഎസ്ഇബി പ്രൊഫൈല്‍ ഫോളോ ചെയ്യുന്നത് കാണാം. ഫോളോ ചെയ്യുന്ന ഒരു പേജ് കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടി. ആര്‍എസ്എസിന്റെ ഒഫിഷ്യല്‍ പേജാണ് നമ്മളുടെ കെഎസ്ഇബി പബ്ലിക് ആയി ഫോളോ ചെയ്യുന്നത്. ഇതിന് ആരാണ് ഉത്തരവാദി? സിഎംഡി ഡയറക്ട് ആണോ പേജ് കൈകാര്യം ചെയ്യുന്നത്?''
എന്നാല്‍, പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഫോളോ പിന്‍വലിക്കുകയായിരുന്നു. നേരത്തെ ഫോളോ ചെയ്തിരുന്ന 31 പേരുടെ പട്ടിക ഏഴാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.