തഴയപ്പെട്ടതിനു പിന്നാലെ തട്ടിപ്പു കേസിലും പ്രതി; കളങ്കിതനായി കുമ്മനം രാജശേഖരന്‍

Update: 2020-10-22 07:29 GMT

പിസി അബ്ദുല്ല

കോഴിക്കോട്: കേന്ദ്ര മന്ത്രിസഭാ പുന സംഘടന നടക്കാനിരിക്കെ കുമ്മനം രാജ ശേഖരനെ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതിയംഗമാക്കി ബിജെപി കേന്ദ്ര നേതൃത്വം ഒതുക്കി. പിന്നാലെ,ആറന്‍മുള തട്ടിപ്പു കേസില്‍ പ്രതിയാക്കപ്പെടുക കൂടി ചെയ്തതോടെ കുമ്മനത്തിന്‍റെ പ്രതിച്ഛായ കൂടുതല്‍ കളങ്കിതമായി.

കേരള ബിജെപിയിലെ ആഭ്യന്തര കലാപം കത്തിയാളുന്നതിന്‍റെ ബഹിര്‍ സ്ഫുരണങ്ങളാണ് പുതിയ സംഭവ വികാസങ്ങള്‍.

ശ്രീ പത്മനാഭ സ്വാമി ക്ഷേത ഭരണ സമിതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കുമ്മനത്തെ നോമിനേറ്റ് ചെയ്തതിനു പിന്നാലെയാണ് ആറന്‍മുള കേസില്‍ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേന്ദ്ര മന്ത്രിസഭാ പുന: സംഘടനയില്‍ നിന്ന് തഴയാനാണ് കുമ്മനത്തെ താരതമ്യേന അപ്രധാനമായ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്ന വികാരം കേരള ബിജെപിയിലെ കൃഷ്ണദാസ് പക്ഷത്ത് ശക്തമാണ്. അതിനു പിന്നാലെ തട്ടിപ്പു കേസില്‍ കുമ്മനം പ്രതിയായായതോടെ കൃഷ്ണദാസ് പക്ഷം കടുത്ത പ്രതിരോധത്തിലുമായി.

ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അഞ്ചാം പ്രതിയാണ് കുമ്മനം രാജശേഖരന്‍. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി.

ബുധനാഴ്ചയാണ് ആറന്മുള സ്റ്റേഷനില്‍ ഹരികൃഷ്ണന്‍ എന്നയാള്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിന്‍റെ പി എ പ്രവീണും അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയത്. ഐപിസി 406,420 എന്നീ വകുപ്പുകളാണ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പോലിസ് കേസെടുത്തിരിക്കുന്നത്.

പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആകാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും ഹരികൃഷ്ണൻ പറയുന്നു. 

Tags:    

Similar News