ന്യൂനപക്ഷ ക്ഷേമവകുപ്പ് തിരിച്ചെടുത്തതിലൂടെ സര്‍ക്കാര്‍ സമുദായത്തെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി

യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒരു മന്ത്രിയെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2021-05-21 20:07 GMT

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുര്‍റഹ്മാനില്‍ ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒരു മന്ത്രിയെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രി ആരായാലും ഈ നടപടി അംഗീകരിക്കാനാവില്ല. ഇത് ഒരു സമുദായത്തെ ഒന്നടങ്കം അപമാനിച്ചതിന് തുല്യമാണ്. ചില സമുദായങ്ങള്‍ ഒരേ വകുപ്പ് കൈകാര്യം ചെയ്യരുതെന്ന നിലപാട് ശരിയല്ല. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്ന കാര്യമല്ല ഇത്. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുസ്‌ലിം ലീഗ് നേതാക്കള്‍.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം വി അബ്ദുറഹ്മാന് നല്‍കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ പ്രതികരണം.

അതേസമയം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്നും കോവിഡ് വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

'മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണ്. അവര്‍ക്ക് എന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News