കുവൈത്ത് ബാങ്കില്‍ നിന്ന് കുമരകം സ്വദേശി ഒരു കോടി തട്ടിയെന്ന് കണ്ടെത്തി
2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ വായ്പകള്‍ എടുത്ത് തട്ടിപ്പ് ആരംഭിച്ചത്.
കോട്ടയം: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരു കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പോലിസ്. 2021 ഡിസംബര്‍ ഒമ്പതിനാണ് കോട്ടയം കുമരകം സ്വദേശി കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്തതെന്ന് ബാങ്ക് മാനേജര്‍ കേരളാ പോലിസിന് നല്‍കിയ പരാതി പറയുന്നു. ഈ യുവാവ് 93,10,546 രൂപ അഥവാ 33,777 ദിനാറാണ് വായ്പയായി എടുത്തത്. ഇത് തിരിച്ചടക്കാത്തതിനാല്‍ പലിശയടക്കം 1,09,04,941 രൂപ അഥവാ 39,566 ദിനാറിന്റെ നഷ്ടം ബാങ്കിനുണ്ടായി. പ്രതി നിലവില്‍ കേരളത്തിലാണുള്ളത്.
തട്ടിപ്പ് സംബന്ധിച്ച് നിലവില്‍ കേരളത്തില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കിനെ കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെയാണ് കേസ്. കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി നേരത്തെ ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരും കുവൈത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന മലയാളികളുമടക്കം തട്ടിപ്പ് നടത്തിയതായാണ് വിവരം.
2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ വായ്പകള്‍ എടുത്ത് തട്ടിപ്പ് ആരംഭിച്ചത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ട് കോടി രൂപ വരെ വരുന്ന വലിയ വായ്പകള്‍ എടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ കേരളത്തിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചതും തട്ടിപ്പിനിരയായ വിവരം പുറത്തറിയുന്നതും. ഇതേ തുടര്‍ന്നാണ് ബാങ്കിന്റെ മാനേജര്‍ കേരളത്തിലെത്തി പരാതി നല്‍കിയത്.