കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകീട്ട് 6.30നും 11നുമിടയില്‍ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
ആന്ധ്രയില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിയെത്തുകയും കോഴിക്കോട് താപനിലയം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതോടെ 2 ദിവസത്തിനകം സാധാരണ നിലയാകുമെന്നാണു പ്രതീക്ഷ. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ 'നഗരങ്ങള്‍' എന്നതിനു വ്യക്തമായ നിര്‍വചനം അധികൃതര്‍ പറയുന്നില്ല.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തില്‍ 400 മുതല്‍ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം നീട്ടേണ്ടി വരും. ആന്ധാപ്രദേശില്‍ നിന്ന് 200 മൊഗാ വാട്ട് വൈദ്യുതി വാങ്ങിയും കോഴിക്കോട് താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഇന്നലെ മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകള്‍ക്കു പുറമേ മുനിസിപ്പാലിറ്റികളെയും പരമാവധി ഒഴിവാക്കാനാണു ശ്രമമെങ്കിലും വൈദ്യുതി ലഭ്യത അനുസരിച്ചാകും തീരുമാനം. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ 92.04 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. ഇതു റെക്കോര്‍ഡാണ്. എസിയുടെയും മറ്റും ഉപയോഗം കൂടിയതാണു കാരണം.