കേസ് പ്രാഥമിക ഘട്ടത്തില്‍;ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കേസിന്റെഅന്വേഷണ പുരോഗതി വിലയിരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Update: 2021-07-02 07:44 GMT

കൊച്ചി: ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കേസ് പ്രാഥമിക ഘട്ടത്തിലായിതിനാല്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.ഐഷ സുല്‍ത്താനയുടെ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരിലാണ് കവരത്തി പോലിസ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയത്.ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍(ജൈവായുധം) എന്ന വാക്ക് ഐഷ സുല്‍ത്താന പ്രയോഗിച്ചിരുന്നു. സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വരികയും ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്കുകള്‍ പറഞ്ഞതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന ഇതിന് വിശദീകരണമായി പറഞ്ഞിരുന്നു.എന്നാല്‍ കവരത്തി പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തി ഐഷ സുല്‍ത്താനയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐഷയോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ഐഷയ്ക്ക് മുന്‍ കൂര്‍ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരം ഹാജരായ ഐഷ സുല്‍ത്താനയെ പോലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Tags:    

Similar News