വിവാദ നിയമ നിർമാണങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം; ദ്വീപുകളിൽ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം
ആന്ത്രോത്: കേന്ദ്ര സർക്കാരിനും അഡ്മിനിസ്ട്രറ്റർക്കും എതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം കണക്കുന്നതായി ദ്വീപ് ഡയറി ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. ദ്വീപിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധം അറിയിച്ചത്.
ഏറ്റവും വലിയ ദ്വീപായ ആന്ത്രോത് ദ്വീപിൽ എത്തിയ നോഡൽ ഓഫീസർ ശിവകുമാറിനു നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം. ആന്ത്രോത്ത് ദ്വീപിലെ ജില്ലാ പഞ്ചായത്ത്, വില്ലേജ് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും കനത്ത പ്രതിഷേധം രേഖപ്പെടുത്തി. വൈകുന്നേരം ജൂബിലി ഹാളിൽ വിളിച്ച മെമ്പർമാരുടെ യോഗത്തിൽ ജില്ലാ കലക്ടർ ലക്ഷദ്വീപിനെതിരെ മീഡിയകൾക്ക് മുമ്പിൽ പറഞ്ഞ പച്ചക്കള്ളങ്ങൾക്ക് ദ്വീപ് ജനതയോട് മാപ്പു പറയുകയും, ദ്വീപ് ജനതയുടെ ജീവനും സ്വത്തിനും വരെ സംരക്ഷണമില്ലാത്ത രീതിയിലുള്ള നിയമ നിർമ്മാണങ്ങളിൽ നിന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പിന്തിരിയുന്നത് വരെ യാതൊരു വിധ ചർച്ചയ്ക്കും തയ്യാറല്ല എന്നും യോഗം തീരുമാനിച്ചു.
ചെതലാത്തിൽ സ്പെഷ്യൽ സെക്രട്ടറിക്കെതിരെയായിരുന്നു ദ്വീപുകാരുടെ പ്രതിഷേധം. സാധാരണ ദ്വീപിൽ എത്തിയാൽ ഔദ്യോഗിക വണ്ടികൾ ഉപേക്ഷിച്ച് നാട്ടുകാരുടെ ബൈക്കിൽ ഓഫീസുകൾ സന്ദർശിച്ചിരുന്ന അദ്ദേഹത്തിന് പക്ഷേ ഇപ്രാവശ്യം ദ്വീപ് ജനത സ്നേഹം നൽകിയില്ല. മറ്റുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വ്യത്യസ്തമായി മിശ്രയ്ക്ക് അത് മാനസിക വിഷമം ഉണ്ടാക്കി. പഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വൈസ് കൗൺസിലർ അബ്ബാസ്, ചെയർപേഴ്സൺ പി റസീന അടക്കം മറ്റ് 5 പ്രതിനിധികൾ പങ്കെടുക്കുകയും അഡ്മിനിസ്ട്രേറ്റർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. കരട് നിയമങ്ങളും മറ്റ് ജന ദ്രോഹപരമായ പല നടപടികളും നിർത്തലാക്കണം എന്നുമുള്ള നിവേദനം എല്ലാ മെമ്പർമാറും ഒപ്പിട്ട് മിശ്രയ്ക്ക് സമർപ്പിച്ചു. നിയമ നിർമാണത്തിനുള്ള ശ്രമങ്ങൾ നിർത്തലാക്കിയതിന് ശേഷം മതി ഇവിടെ വികസനം എന്നും മറ്റു സഹകരണങ്ങൾ ഇനി ഉണ്ടാവില്ലെന്നും അദ്ദേഹത്തെ അറിയിച്ചു.