'തുടര്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്'; തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ക്രമീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പിണറായി

കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Update: 2021-05-01 06:10 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനിയും ഒരു ദിവസം ശേഷിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വിജയിക്കുകയാണെങ്കില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രാജ്ഭവനില്‍ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കില്‍ മുഖ്യമന്ത്രിക്കൊപ്പം ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിര്‍ദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണഗതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാകും. 2016ല്‍ മെയ് 19നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. ആറുദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടര്‍ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആത്മവിശ്വാസം വീണ്ടും വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

ഫലം വന്നാല്‍ പ്രോട്ടോകോള്‍ പ്രകാരം നിലവിലെ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കണം. തുടര്‍ന്ന് വിജയിച്ച മുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ത്ത് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം. മുന്നണി തിരഞ്ഞെടുക്കുന്ന നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണം.

എല്‍ഡിഎഫ് ഭരണ തുടര്‍ച്ച നേടിയാല്‍ ഈ നടപടിക്രമങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ത്ത് ഓണ്‍ലൈനായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പിണറായി വിജയനെ നേതാവായി തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News