ഖേദം പ്രകടിപ്പിച്ച് ലീഗ്: അബ്ദുറഹ്മാന്‍ കല്ലായിയെ നേതൃത്വം തിരുത്തിച്ചു; ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടെന്ന്

റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം

Update: 2021-12-10 14:16 GMT

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്താന്‍ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ നേതാവ് അബ്ദുറഹ്മാന്‍ കല്ലായിക്ക് നിര്‍ദ്ദേശം നല്‍കിയ ലീഗ് നേതൃത്വത്തിന്റേത് മുഖം രക്ഷിക്കാനുള്ള നടപടി. അബ്ദുറഹിമാന്‍ കല്ലായിയുടെ മാപ്പുപറച്ചില്‍ പ്രസ്താവനയ്ക്ക് പുറമെ പാണക്കാട് സാദിഖലിതങ്ങളുടെ ഖേദപ്രകടനവും വന്നിരിക്കുകയാണ്. മന്ത്രി റിയാസിനെതിരേ നടത്തിയ അധിക്ഷേപം സമൂഹത്തില്‍ ലീഗിന് അവമതിപ്പുണ്ടാക്കി എന്ന നീരീക്ഷണമാണ് പരസ്യമായി ഖേദപ്രകടനം നടത്താന്‍ ലീഗിനെ പ്രേരിപ്പിച്ചിരിക്കുന്നത്. സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവം വിവാദമായതില്‍ ദുഖമുണ്ടെന്നും അബ്ദുറഹ്മാന്‍ കല്ലായി പത്ര പ്രസ്താവനയിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ മെുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായില്‍ വച്ചായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചായിരുന്നു ലീഗ് നേതാവിന്റെ അസ്വാഭാവിക പ്രസ്താവന. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം. ഈ പ്രസ്താവനയാണ് മതപരമായ കാഴ്ചപാടിലുള്ളപരാമര്‍ശമാണെന്നു ചൂണ്ടിക്കാട്ടി അബ്ദുറഹ്മാന്‍ കല്ലായി ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അബ്ദുറഹ്മാന്‍ കല്ലായിയുടെ ഭാഗത്തു നിന്ന് അധിക്ഷേപ വാക്കുകള്‍ ഉണ്ടായതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.


Tags:    

Similar News