കശ്മീരില്‍ വന്‍സൈനിക വിന്യാസം; അമര്‍നാഥ് തീര്‍ത്ഥാടകരും സഞ്ചാരികളും മടങ്ങാന്‍ നിര്‍ദേശം
കശ്മീരില്‍ 10,000 സൈനികരെ വിന്യസിക്കാന്‍ കഴിഞ്ഞ ആഴ്ച സേനാമേധാവിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെത്തി. ഇതിന് പിന്നാലെ 25,000 സൈനികരെ കൂടി കശ്മീരില്‍ വിന്യസിക്കും എന്ന അറിയിപ്പ് വന്നു.
ശ്രീനഗര്‍: 35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാക് സായുധര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ അഭ്യന്തര സെക്രട്ടറി ഉത്തരവ് പുറത്ത് വിട്ടത്.
ഈ മാസം 15 വരെയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. അമര്‍നാഥ് യാത്രയ്ക്കായി തീര്‍ത്ഥാടകരും വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളും ധാരാളമായി കശ്മീരിലേക്ക് എത്തുന്ന സമയമാണിത്. ഇതിനിടയിലാണ് സംസ്ഥാനത്ത് വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കാനും സഞ്ചാരികളായി എത്തിയവരെ മടക്കി അയക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം.
കശ്മീരില്‍ 10,000 സൈനികരെ വിന്യസിക്കാന്‍ കഴിഞ്ഞ ആഴ്ച സേനാമേധാവിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെത്തി. ഇതിന് പിന്നാലെ 25,000 സൈനികരെ കൂടി കശ്മീരില്‍ വിന്യസിക്കും എന്ന അറിയിപ്പ് വന്നു. പതിവിന് വിപരീതമായി സൈനികരെ വ്യോമമാര്‍ഗ്ഗം കശ്മീരില്‍ എത്തിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം ലഭിച്ചു.
വ്യാഴാഴ്ച ഉച്ചമുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങള്‍ക്കും കോടതികള്‍ക്കും നല്‍കിയ സുരക്ഷ ജമ്മു കശ്മീര്‍ പോലിസ് പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുധങ്ങളില്ലാതെ സുരക്ഷാ ജോലിക്ക് വിന്യസിച്ച പോലിസുദ്യോഗസ്ഥരെയാണ് മടക്കിവിളിച്ചതെന്നും ഇത്തരം സ്ഥലങ്ങളില്‍ സായുധരായ പോലിസുകാരെ വിന്യാസിക്കുകയോ അംഗബലം കൂട്ടുകയോ ചെയ്യുമെന്നും എഡിജിപി വ്യക്തമാക്കി.
വിവിധ മേഖലങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ അടുത്തുള്ള ചെക്ക് പോസ്റ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിര്‍ണായകമായ ചില പ്രഖ്യാപനങ്ങളോ നടപടികളോ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉടനെയുണ്ടാവുമെന്നും ഇതിന് മുന്നോടിയായാണ് വന്‍തോതില്‍ സൈന്യത്തെ ഇറക്കിയതെന്നുമുള്ള അഭ്യൂഹം കശ്മീരില്‍ ശക്തമാണ്. പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതയും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്.