സമുദ്രാതിര്‍ത്തി തര്‍ക്കം: ലെബനനും ഇസ്രായേലും ധാരണയിലെത്തി

യുഎസ് ഇടനിലക്കാരായ കരാറിന്റെ അന്തിമ കരട് പ്രസിഡന്റ് മിഷേല്‍ ഔണിന് സമര്‍പ്പിച്ചതിന് ശേഷം, ഇരുപക്ഷത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു കരാറില്‍ എത്തിയതായി ലെബനന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഏലിയാസ് ബൂ സഅബ് ബുധനാഴ്ച പറഞ്ഞു.

Update: 2022-10-12 04:52 GMT

ബെയ്‌റൂത്ത്/ തെല്‍അവീവ്: വാതക സമ്പന്നമായ മെഡിറ്ററേനിയന്‍ കടലില്‍ ലെബനനും ഇസ്രായേലും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സമുദ്ര അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ഒരു 'ചരിത്രപരമായ' കരാറില്‍ എത്തിയതായി മധ്യസ്ഥര്‍ അറിയിച്ചു. യുഎസ് ഇടനിലക്കാരായ കരാറിന്റെ അന്തിമ കരട് പ്രസിഡന്റ് മിഷേല്‍ ഔണിന് സമര്‍പ്പിച്ചതിന് ശേഷം, ഇരുപക്ഷത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു കരാറില്‍ എത്തിയതായി ലെബനന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഏലിയാസ് ബൂ സഅബ് ബുധനാഴ്ച പറഞ്ഞു.

'ലെബനന്‍ അതിന്റെ മുഴുവന്‍ അവകാശങ്ങളും നേടിയിട്ടുണ്ട്, അതിന്റെ എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ട്'-ബൂ സഅബ് പറഞ്ഞു. അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച കരാര്‍ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് ലെബനന്‍ പ്രസിഡന്‍സി പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കരാര്‍ ഇസ്രായേലുമായുള്ള ഒരു 'പങ്കാളിത്തം' സൂചിപ്പിക്കുന്നില്ലെന്ന് ഔണ്‍ മുമ്പ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും സാങ്കേതികമായി യുദ്ധത്തിലാണ്.

'ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടു, ഞങ്ങള്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ ശരിയാക്കി. ഞങ്ങള്‍ ഇസ്രായേലിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു, ചരിത്രപരമായ ഒരു കരാറിലേക്കാണ് തങ്ങള്‍ പോകുന്നത്,-ഇസ്രയേലി ചര്‍ച്ചാ സംഘത്തിന്റെ തലവനായ ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാല്‍ ഹുലത പറഞ്ഞു. അതേസമയം, കരാര്‍ ഒപ്പിടുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Tags:    

Similar News