ജമ്മു: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-ത്വയ്ബയാണ് കശ്മീര്‍ പോലിസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ലഷ്‌കറിന്റെ നിഴല്‍ ഗ്രൂപ്പായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഖാസിഗുണ്ടിലെ വൈ കെ പോറ ഗ്രാമത്തിലെ ഈദ്ഗയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 8.20ഓടെ ഒരുസംഘം വെടിയുതിര്‍ക്കുകയും കാറില്‍ പോവുകയായിരുന്ന മൂന്നുപേരും കൊല്ലപ്പെടുകയുമായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഇംഗ്ലീഷിലും ഹിന്ദിയിലും അയച്ച സന്ദേശത്തില്‍ ടിആര്‍എഫ് ''കൂടുതല്‍ ശ്മശാനങ്ങള്‍ ബുക്ക് ചെയ്യപ്പെടും'' എന്ന് പറഞ്ഞതായാണു റിപോര്‍ട്ടിലുള്ളത്.
ജൂണ്‍ മുതല്‍ കേന്ദ്രഭരണ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ജൂലൈയില്‍ ബന്ദിപോരയില്‍ നടന്ന സമാനമായ ആക്രമണത്തില്‍ ഒരു ബിജെപി നേതാവും പിതാവും സഹോദരനും കൊല്ലപ്പെട്ടു. കുല്‍ഗാം കൊലപാതകത്തെ പ്രധാനമന്ത്രി മോദിയും ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അപലപിച്ചു.