ലിബിയയില്‍ ഐക്യ സര്‍ക്കാര്‍ അധികാരമേറ്റു

വര്‍ഷങ്ങള്‍ നീണ്ട അക്രമത്തിനും വിഭജനത്തിനും ശേഷം രാജ്യത്തെ ഏകീകരിക്കുക, ദേശീയ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുക എന്നീ ചുമതലകളാണ് പുതിയ സര്‍ക്കാരിനുള്ളത്.

Update: 2021-03-16 09:20 GMT

ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ ഐക്യ സര്‍ക്കാര്‍ തിങ്കളാഴ്ച കിഴക്കന്‍ നഗരമായ തൊബ്‌റൂക്കില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വര്‍ഷങ്ങള്‍ നീണ്ട അക്രമത്തിനും വിഭജനത്തിനും ശേഷം രാജ്യത്തെ ഏകീകരിക്കുക, ദേശീയ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുക എന്നീ ചുമതലകളാണ് പുതിയ സര്‍ക്കാരിനുള്ളത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെയാണ് സര്‍ക്കാറിന്റെ കാലാവധി. ഇടക്കാല പ്രസിഡന്‍സി കൗണ്‍സില്‍ മൂന്നംഗ പ്രതിനിധികളുമായി ഫെബ്രുവരിയില്‍ യുഎന്‍ ആഭിമുഖ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ കിഴക്കന്‍ നഗരമായ തര്‍ബുകിലെ പ്രതിനിധിസഭ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

2011ലെ വിപ്ലവാനന്തരം ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജ്യം യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്നതിന് യുഎന്‍ ഇടപെടല്‍ നടത്തികൊണ്ടിരിക്കുകയാണ്. കിഴക്കും പടിഞ്ഞാറുമായി ഏറ്റുമുട്ടികൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ ഒക്ടോബറില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയിരുന്നു.

അബ്ദുല്‍ ഹമീദ് ദബൈബയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ട്രിപ്പോളിയും വടക്ക് പടിഞ്ഞാറന്‍ ലിബിയയും നിയന്ത്രിക്കുന്ന യുഎന്‍ അംഗീകാരമുള്ള ദേശീയ ഐക്യ സര്‍ക്കാരിനേയും (ജിഎന്‍എ) രാജ്യത്തിന്റെ കിഴക്കന്‍ മേഖല നിയന്ത്രിക്കുന്ന വിമത ഭരണകൂടത്തേയും മാറ്റിസ്ഥാപിക്കും.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും ജിഎന്‍എയെ പിന്തുണച്ച തുര്‍ക്കിയും വിമതരെ പിന്തുണച്ച ഈജിപ്തും ഖലീഫ ഹഫ്താറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിയും പങ്കെടുത്തു.

Tags:    

Similar News