ലിബിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണം; റഷ്യയോടും തുര്‍ക്കിയോടും യുഎസ്
സൈന്യത്തെ പിന്‍വലിക്കാന്‍ യുഎന്‍ നേരത്തേ നല്‍കിയ സമയ പരിധി ഇരു രാജ്യങ്ങളും അവഗണിച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് യുഎസ് മുന്നോട്ട് വന്നത്.
വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ ജനജീവിതം ദുസ്സഹമായ ലിബിയയിലെ യുദ്ധ മുന്നണിയിലുള്ള റഷ്യന്‍, ടര്‍ക്കിഷ് സൈനികരോട് പിന്മാറാനാവശ്യപ്പെട്ട് യുഎസ് രംഗത്ത്. സൈന്യത്തെ പിന്‍വലിക്കാന്‍ യുഎന്‍ നേരത്തേ നല്‍കിയ സമയ പരിധി ഇരു രാജ്യങ്ങളും അവഗണിച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് യുഎസ് മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുഎന്നിന്റെ നേതൃത്വത്തില്‍ ലിബിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുകയും മൂന്നു മാസത്തിനകം രാജ്യത്തെ യുദ്ധ മുന്നണിയിലുള്ള മുഴുവന്‍ വിദേശ സൈന്യവും ലിബിയ വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, മുഴുവന്‍ സൈന്യവും ഇപ്പോഴും ലിബിയ വിട്ടുപോയിട്ടില്ല. തുടര്‍ന്നാണ് അവസാന തീയതി കഴിഞ്ഞിട്ടും പോകാത്ത സൈന്യങ്ങള്‍ എത്രയും പെട്ടെന്ന് തിരികെപോകണമെന്ന് യുഎസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള അവസാന തിയ്യതി. എന്നാല്‍, ഇക്കാര്യം വിദേശ സൈന്യങ്ങള്‍ ചെവികൊണ്ടിട്ടില്ല.
റഷ്യ, തുര്‍ക്കി, യുഎഇ എന്നിവയടക്കമുള്ള എല്ലാ ബാഹ്യ കക്ഷികളോടും ലിബിയന്‍ പരമാധികാരത്തെ മാനിക്കാനും ലിബിയയിലെ എല്ലാ സൈനിക ഇടപെടലുകളും ഉടനടി അവസാനിപ്പിക്കാനും തങ്ങള്‍ ആവശ്യപ്പെടുന്നതായി യു.എന്‍ രക്ഷ സമിതിയില്‍ സംസാരിക്കവെ യുഎസ് ആക്ടിങ് അംബാസിഡര്‍ റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു. മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയ ശേഷം ലിബിയ ഒരു പതിറ്റാണ്ടായി കടുത്ത ആഭ്യന്തര യുദ്ധം നേരിടുകയാണ്.