ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചുകയറി അര്‍ജന്റീന. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.
രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍, ബോക്സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക്. കിക്കെടുത്ത മെസിക്ക് ആത്മവിശ്വാസത്തിന്റെ കണിക പോലുമില്ലായിരുന്നു. കിക്ക് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പുറത്തേക്ക്. 56-ാം മിനിറ്റില്‍ ഡി മരിയയുടെ ഷോട്ട് മെക്സിക്കന്‍ ബോക്സിലേക്ക്. എന്നാല്‍ ഷോട്ടുതിര്‍ക്കാന്‍ താരങ്ങളുണ്ടായില്ലെന്ന് മാത്രം.
64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ തകർപ്പൻ ഷോട്ടിൽ. വലത് വിംഗില്‍ നിന്നും ഡി മരിയ നല്കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോയെ ഇറക്കി അര്‍ജന്റൈന്‍ കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്.
തുടര്‍ന്ന് മെക്സിക്കോ നടത്തിയ ശ്രമങ്ങളെല്ലാം ചെറുക്കുന്ന ജോലി പ്രതിരോധം ഭംഗിയായി ചെയ്തു. അര്‍ജന്റൈന്‍ മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്കി. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്.