തദ്ദേശ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം ഏഴാം വാര്‍ഡില്‍ എസ്ഡിപിഐ തറപറ്റിക്കാന്‍ ബിജെപി, മുസ്‌ലിം ലീഗ് ധാരണയെന്ന് ആക്ഷേപം
എസ്ഡിപിഐ കൈവശംവച്ച് വരുന്ന ഈ വാര്‍ഡില്‍ മികച്ച സ്വാധീനമുണ്ടായിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം. ഇതിന് പകരം മഞ്ചേശ്വരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ബിജെപിയെ സഹായിക്കാനാണ് ലീഗ് ധാരണയിലെത്തിയിരിക്കുന്നത്.
മഞ്ചേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഏഴാം വാര്‍ഡ് മച്ചംപാടിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബിജെപിയും മുസ്‌ലിം ലീഗും തിരഞ്ഞെടുപ്പ് ധാരണയെന്ന് ആക്ഷേപം. എസ്ഡിപിഐ കൈവശംവച്ച് വരുന്ന ഈ വാര്‍ഡില്‍ മികച്ച സ്വാധീനമുണ്ടായിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം. ഇതിന് പകരം മഞ്ചേശ്വരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ബിജെപിയെ സഹായിക്കാനാണ് ലീഗ് ധാരണയിലെത്തിയിരിക്കുന്നത്. ഇതു വരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്ന പാര്‍ട്ടിയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിച്ചതെന്നും എസ്ഡിപിഐയെ പരാജയപ്പെടുത്തുന്നതിനാണ് ഈ അവിശുദ്ധ ധാരണയെന്നും ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ആരോപിച്ചു.
കഴിഞ്ഞ രണ്ട് ടേമിലും എസ്ഡിപിഐആണ് ഇവിടെ വിജയിച്ചത്. എസ്ഡിപിഐയുടെ ജില്ലയിലെ ഏക പഞ്ചായത്ത് മെമ്പറുള്ള വാര്‍ഡാണ് മച്ചംപാടി. കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്തില്‍ 169 വോട്ട് മച്ചമ്പാടിയില്‍ നിന്ന് ബിജെപിക്ക് ലഭിച്ചപ്പോള്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 62 വോട്ടായി കുറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍. ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ലീഗുമായി ധാരണയിലെത്തുകയായിരുന്നുവെന്നാണ് ആരോപണം. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരേ ഇരു പാര്‍ട്ടിക്കകത്തും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യം ഈ വാര്‍ഡില്‍ മുസ്‌ലിം ലീഗും എസ്ഡിപിഐയും തുല്യ വോട്ട് നേടിയപ്പോള്‍ ടോസിലൂടെയാണ് നിലവിലുള്ള പഞ്ചായത്ത് മെമ്പറായ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഫൈസല്‍ മച്ചംപാടി തിരഞ്ഞെടുക്കപ്പെട്ടത്.
എസ്ഡിപിഐയെ തോല്‍പ്പിക്കുകയെന്ന ഏക ലക്ഷ്യത്തിനായി മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തിയ ഒരു പ്രത്യയശാസ്ത്രവുമായി കൂട്ടുകൂടിയത് നേതൃത്വത്തിന്റെ അറിവോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ലീഗിന്റെ ഈ രഹസ്യനിലപാടില്‍ അണികളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഇത് രാഷ്ട്രീയ നെറികേടും വഞ്ചനയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജെപിക്ക് എതിരാണെന്ന് പറയുമ്പോള്‍ തന്നെ അവരുമായി രഹസ്യബാന്ധവം പുലര്‍ത്തുന്നത് നിഷ്പക്ഷ മതികളിലും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.