യാത്രചെലവും ഭക്ഷണവും പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാര്‍ വക; രണ്ട് ട്രെയിനുകള്‍ കേരളത്തിലേക്ക്
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനുള്ള വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് തിരികെ നല്‍കുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കേരളത്തിലേക്കുള്ള രണ്ട് സൗജന്യ ട്രെയിനുകള്‍ ഇന്നും നാളെയും കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മെയ് 21, 22 തിയതികളിലായി തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പ്. പഞ്ചാബ് ജലന്തറില്‍ നിന്നും മെയ് 19ന് രാത്രി 11ന് തമിഴ്‌നാട് വഴി പുറപ്പെട്ട ട്രെയിന്‍ 21ന് രാത്രി 11.50ന് എറണാകുളം നോര്‍ത്തില്‍ എത്തും. അവിടെ നിന്നും 22ന് രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിച്ചേരും. ട്രെയിന്റെ യാത്രചെലവും ഭക്ഷണവും പൂര്‍ണ്ണമായും പഞ്ചാബ് സര്‍ക്കാരാണ് വഹിക്കുന്നത്.
രാജസ്ഥാന്‍ ജയ്പൂരില്‍ നിന്നും മെയ് 20ന് പുറപ്പെട്ട പ്രത്യേക ട്രെയിന്‍ കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സ്‌റ്റോപ്പുകളാണുള്ളത്. മെയ് 20ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെട്ട ട്രെയിന്‍ 22ന് രാത്രി 12.05ന് കോഴിക്കോട് സ്‌റ്റേഷനിലും രാവിലെ 3.50ന് എറണാകുളത്തും 8ന് തിരുവനന്തപുരം സെന്‍ട്രലിലും എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം 5ന് ട്രെയിന്‍ തിരികെ ജയ്പൂരിലേക്ക് യാത്ര തിരിക്കും. യാത്രചെലവും ഭക്ഷണവും വഹിക്കുന്നത് രാജസ്ഥാന്‍ സര്‍ക്കാരാണ്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന മറുനാടന്‍ മലയാളികള്‍, അന്യദേശ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിട്ടാണ് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനുള്ള വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണ്ണമായും കോണ്‍ഗ്രസ് തിരികെ നല്‍കുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളികളെ കേരളത്തിലേക്ക് തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന് മുന്‍കൈയെടുത്ത പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്, പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ ചൗധരി എന്നിവര്‍ക്കും മലയാളികളെ തിരികെയെത്തിക്കുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാരുകളെ കൊണ്ട് തീരുമാനമെടുപ്പിച്ച് പ്രത്യേക സൗജന്യ ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കിയ എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും മുല്ലപ്പള്ളി രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.