സാവോ പൗളോ: ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുല ഡ സില്‍വ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 30ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവായ ഹെയ്ര്‍ ബൊല്‍സനാരോയെ പരാജയപ്പെടുത്തിയാണ് ലുല ഡ സില്‍വ അധികാരത്തിലെത്തുന്നത്. ലുല ഡ സില്‍വയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളും ലഭിച്ചു.
2003ലും 2010ലും ലുല ഡ സില്‍വ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് അഴിമതിക്കേസില്‍ ജയിലിലായി. അധികാരം നഷ്ടമായ ബോള്‍സനാരോ അനുകൂലികള്‍ രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ കനത്ത സുരക്ഷ ഒരുക്കി. തലസ്ഥാനമായ ബ്രസീലിയയില്‍ രാഷ്ട്രപതിയുടെ കൊട്ടാരമായ പലന്‍സിയോ ഡോ പ്ലനാല്‍റ്റോയുടെ മുന്നില്‍ പതിനായിരങ്ങളാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാനെത്തിയത്. മുന്‍വര്‍ഷങ്ങളില്‍ മികച്ച ഭരണാധികാരിയായി പേരെടുത്ത ലുലയ്ക്ക് രാജ്യത്തിന്റെ നിലവിലെ സാമ്പത്തികത്തകര്‍ച്ച വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപോര്‍ട്ടുകള്‍.
ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനകീയ പ്രസിഡന്റായിരുന്ന ലുല പദവി ഒഴിഞ്ഞതോടെയാണ് രാജ്യം മറ്റെങ്ങും കാണാത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത്. കൊവിഡ് പ്രതിസന്ധി സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. സ്ഥാനാരോഹണത്തിനു മുന്നോടിയായി ലുല 16 മന്ത്രിമാരെ നിയമിച്ചിരുന്നു. 35 കാബിനറ്റ് മന്ത്രിമാരില്‍ 11 ഉം വനിതകളാണ്. ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സില്‍വയാണ് പരിസ്ഥിതി മന്ത്രി. ആമസോണ്‍ സംരക്ഷണം പ്രധാന അജന്‍ഡയാണെന്ന പ്രഖ്യാപനമാണ് അനധികൃത വന നശീകരണത്തിനെതിരായും ഖനി മാഫിയക്കെതിരായും ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയയായ മറീന സില്‍വയുടെ നിയമനം.