ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. മൃതദേഹം കടുക് പാടത്ത് തള്ളി. ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ പീഡനക്കേസ് പ്രതിയാണ്കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
മൊറേന ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ജൂണിലാണ് ഈ നാല്‍പത്കാരന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ കടുക് പാടത്ത് മൃതദേഹം കണ്ടെത്തിയത്.
ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടില്‍ എത്തിയിരുന്നു. പ്രതിയ്ക്കൊപ്പം പെണ്‍കുട്ടി നില്‍ക്കുന്നതാണ് അവസാനം കണ്ടത്. മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലി തേടി പോയതിനാല്‍ മുത്തച്ഛന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. പ്രകോപിതനായ കുട്ടിയുടെ ബന്ധുക്കള്‍ ആളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് 'ചക്ക ജാം' പ്രതിഷേധം നടത്തി ഗതാഗതം തടഞ്ഞു.