ജൂലായ്- ആഗസ്ത് മാസത്തില്‍ മഹാരാഷ്ട്രയില്‍ കൊവിഡിന്റെ മൂന്നാം തരംഗം: ആരോഗ്യമന്ത്രി രാജേഷ് തോപെ
മൂന്നാം തരംഗം വരുമ്പോഴേക്കും മെഡിക്കല്‍ ഓക്‌സിജന്റെ കാര്യത്തില്‍ ഉള്‍പ്പെടെ സ്വയംപര്യാപ്തമാവാനാണ് മഹാരാഷ്ട്രയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികളും ചര്‍ച്ച ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുംബൈ: ജൂലായ്- ആഗസ്ത് മാസത്തില്‍ മഹാരാഷ്ട്രയില്‍ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാക്കാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ. രാജ്യത്ത് പടര്‍ന്നുപിടിച്ച കൊിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ദുരിതമനുഭവിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ജൂലായിലോ ആഗസ്തിലോ കൊവിഡിന്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോപെ വ്യക്തമാക്കി.
മൂന്നാം തരംഗം വരുമ്പോഴേക്കും മെഡിക്കല്‍ ഓക്‌സിജന്റെ കാര്യത്തില്‍ ഉള്‍പ്പെടെ സ്വയംപര്യാപ്തമാവാനാണ് മഹാരാഷ്ട്രയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികളും ചര്‍ച്ച ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്തു. മെയ് മാസം അവസാനമാവുമ്പോഴേക്കും സംസ്ഥാനത്ത് കൊവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്.
എന്നാല്‍, രോഗവ്യാപനത്തിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കൊവിഡ് ചികില്‍സാസൗകര്യങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ വ്യാവസായികപ്രമുഖരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ ചെലവഴിക്കുന്ന പണത്തെ സിഎസ്ആര്‍ എക്‌സ്‌പെന്‍ഡീച്ചറായി കണക്കാക്കുമെന്നറിയിച്ചതായും താക്കറെ സൂചിപ്പിച്ചിട്ടുണ്ട്. സിഎസ്ആര്‍ ചെലവുകളുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കും. ഇത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഓക്‌സിജന്‍ ഉത്പാദനത്തിനായി പ്ലാന്റുകള്‍ സ്ഥാപിക്കുക, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സ്‌കാനിങ് മെഷീനുകളും അടിയന്തരമായി സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സര്‍ക്കാരിപ്പോള്‍ പ്രാഥമിക പരിഗണന നല്‍കുന്നത്. കൊവിഡ് രോഗികളുടെ ചികല്‍സയ്ക്കായി അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊന്നിപ്പറഞ്ഞിരുന്നു.
മൂന്നാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടാവുന്ന കാര്യം ഒരുതരത്തിലും അനുവദനീയമല്ലെന്ന് ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മിക്കാന്‍ 125 പ്ലന്റുകള്‍ തുടങ്ങാനാണ് പദ്ധതി. കൊവിഡ് ചികില്‍സയ്ക്കായി 10,000- 15,000 റെംഡെസിവിര്‍ ഗുളികയുടെ കുറവ് ഇപ്പോള്‍തന്നെയുണ്ട്. കുറവുണ്ടെങ്കിലും ഇത് നിയമാനുസൃതമായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. അധികഡോസുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവും.
ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എല്ലാ ആശുപത്രികളിലും എത്രയും പെട്ടെന്ന് ഉറപ്പുവരുത്തും. പ്രാദേശിക ഉത്പാദനത്തിലൂടെയും കേന്ദ്രത്തില്‍നിന്നുള്ള സപ്ലൈകളിലൂടെയും ഓക്‌സിജന്റെ നിലവിലെ ആവശ്യം നിറവേറ്റുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വ്യാഴാഴ്ച 45,39,553 ആയി ഉയര്‍ന്നിട്ടുണ്ട്. 67,985 പേര്‍ കൊവിഡ് മൂലം ഇതുവരെ മരണത്തിന് കീഴടങ്ങിയതായാണ് കണക്ക്.