കുട്ടികളേ... കരുതല്‍ വേണം; വരുന്നു കൊവിഡിന്റെ മൂന്നാംതരംഗം

ഈ കാലവും കടന്നുപോവും. അപ്പോള്‍ നമ്മള്‍ക്കൊപ്പം നമ്മുടെ മക്കളും വേണ്ടേ...

Update: 2021-05-06 08:34 GMT

    ലോകം വിറകൊള്ളുന്ന മഹാമാരിക്കാലത്താണല്ലോ. ഒന്നര വര്‍ഷത്തിലേറെയായി നാം മാസ്‌കിട്ടും കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കരുത്തോടെ നമ്മെ ആക്രമിക്കുകയാണ്. ലോകത്തെ പലയിടത്തും കണ്ട കാഴ്ചകള്‍ നമ്മുടെ നാട്ടിലും എത്തിനില്‍ക്കുന്നു. ദയനീയ രംഗങ്ങള്‍ കണ്‍മുന്നിലും ആവര്‍ത്തിക്കുന്നു. അതിനിടെയാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്... വരുന്നു കൊവിഡിന്റെ മൂന്നാംതരംഗമെന്ന്. രണ്ടാം തരംഗത്തില്‍ തന്നെ ശ്വാസംമുട്ടി മരിക്കുന്ന നമുക്ക് താങ്ങാനാവുമോ. നമ്മുടെ കുട്ടികളുടെ അവസ്ഥയെന്താവും. കുട്ടികളല്ലേ എന്നു കരുതി നമ്മള്‍ കരുതല്‍ നല്‍കിയില്ലെങ്കില്‍ നാളെയുടെ നമ്മുടെ സന്തോഷം നശിച്ചുപോവുമെന്നെങ്കിലും നാം ഓര്‍ക്കണം.

    കൊവിഡ് 19 ന്റെ മൂന്നാം തരംഗം കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്നാണ് കര്‍ണാടകയിലെ കൊവിഡ് സാങ്കേതിക ഉപദേശക സമിതിയംഗവും പ്രമുഖ വൈറോളജിസ്റ്റുമായ ഡോ. രവി നല്‍കുന്ന മുന്നറിയിപ്പ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണിത്. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തന്ത്രങ്ങള്‍ മെനയുകയും സമയമെടുക്കുകയും ചെയ്യേണ്ട സമയമാണിത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന് കണക്കിലെടുത്ത് അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് സുപ്രധാന നയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കണം. നിലവില്‍ കുട്ടികള്‍ കൊവിഡ് കുത്തിവയ്പ് എടുക്കാത്തതിനാല്‍ കൂടുതല്‍ ദുര്‍ബലരാവും. കൊവിഡ് ബാധിച്ച കുട്ടികളെ ചികില്‍സിക്കാനായി മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കണം. പീഡിയാട്രിക് കൊവിഡ് കെയര്‍ വാര്‍ഡുകളും കുട്ടികള്‍ക്കായി തീവ്രപരിചരണ വിഭാഗങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണം.

      രണ്ടാം തരംഗം അവസാനിച്ചാലും ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ കര്‍ശന നടപടി വേണം. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ, മത സമ്മേളനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കരുത്. ഇതിനു ധീരമായ ചില നടപടികള്‍ കൈക്കൊള്ളണം. വിവാഹങ്ങള്‍ പോലുള്ള എല്ലാ സൂപ്പര്‍സ്പ്രെഡര്‍ പരിപാടികളും സമ്പൂര്‍ണമായി നിരോധിക്കണമെന്നും അദ്ദേഹം പറയുന്നു. കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്, കുട്ടികളെ കൂട്ടി എവിടെയും പോവരുതെന്ന്. ഇത് കര്‍ശനമായി പാലിക്കണം. ഷോപ്പിങ് മാളുകളിലോ ബന്ധുവീടുകളിലോ മാത്രമല്ല, അയല്‍പക്കത്ത് വരെ കുട്ടികളെ അയക്കരുത്. കുറച്ചുകാലം വീട്ടിലിരിക്കാന്‍ അവരെ പരിശീലിപ്പിച്ചെടുക്കണം. അതിന്റെ കാര്യകാരണങ്ങള്‍ മക്കളെ ബോധ്യപ്പെടുത്തണം. അതിനനുസരിച്ച് ജീവിതശൈലിയും ചിട്ടപ്പെടുത്തണം. മാനസിക ഉല്ലാസം നല്‍കുന്ന ലളിതമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണം. പൂര്‍ണസമയവും മൊബൈലിനും ടെലിവിഷനും മുന്നിലാവരുത്. എല്ലാവരും പറയുന്നതു പോലെ ഈ കാലവും കടന്നുപോവും. അപ്പോള്‍ നമ്മള്‍ക്കൊപ്പം നമ്മുടെ മക്കളും വേണ്ടേ...

Tags:    

Similar News