67 അന്തേവാസികള്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയിലെ വൃദ്ധസദനം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്ര താനെയില്‍ സ്ഥിതി ചെയ്യുന്ന വൃദ്ധസദനത്തിലെ 67 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധച്ചവരില്‍ 62 പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവരാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കെയാണ് ഇത്രയും പേര്‍ക്ക് പോസിറ്റീവ് കണ്ടെത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൃദ്ധസദനം ഉള്‍പ്പെടുന്ന പ്രദേശം ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. റൂറല്‍ ഭീവണ്ടിയിലെ സോര്‍ഗാവ് ഗ്രാമത്തിലെ മാതോശ്രീ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.
വൃദ്ധസദനത്തിലെ നിരവധി പേര്‍ക്ക് വൈറസ് ലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശനിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ഇവിടെ സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. 109 അന്തേവാസികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍നിന്നാണ് 67 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. താനെ ജില്ലയില്‍നിന്ന് അടുത്ത മാസങ്ങളില്‍ കണ്ടെത്തിയ ഏറ്റവും വലിയ ക്ലസ്റ്ററുകളില്‍ ഒന്നാണിത്. എല്ലാവരെയും താനെ ജില്ലയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് അന്തേവാസികളുടെ അനാരോഗ്യത്തെക്കുറിച്ചുള്ള പരാതിയെത്തുടര്‍ന്ന് ഒരുസംഘം ഡോക്ടര്‍മാരുടെ സംഘം ശനിയാഴ്ച ഖദാവലിയില്‍ സ്ഥിതിചെയ്യുന്ന മാതോശ്രീ വൃദ്ധസദനത്തില്‍ 109 പേരെ പരിശോധിച്ചു- ജില്ലാ ആരോഗ്യഓഫിസര്‍ ഡോ.മനീഷ് റെന്‍ഗെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. 15 രോഗികളുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചിട്ടുണ്ടെന്ന് താനെ സിവില്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ.കൈലാഷ് പവാര്‍ പറഞ്ഞു.
ആകെ രോഗം കണ്ടെത്തിയ 67 പേരില്‍ 62 പേര്‍ മുതിര്‍ന്ന പൗരന്‍മാരായ അന്തേവാസികളും അഞ്ച് പേര്‍ വൃദ്ധസദനത്തിലെ ജീവനക്കാരുമാണ്. വൃദ്ധസദനത്തിലെ ആകെയുള്ള അന്തേവാസികളില്‍ 41 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നും 30 പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 1,130 പേരുടെ ജനസംഖ്യയുള്ള സോര്‍ഗാവ് ഗ്രാമം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മറ്റ് പ്രദേശവാസികളെയും സര്‍വേ ചെയ്യുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. പുതിയ വൈറസ് 'ഒമിക്രോണ്‍' കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യുമെന്ന് നഗരത്തിലെ മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വകഭേദത്തെ ലോകാരോഗ്യസംഘടന 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിച്ചത്.