ഇന്ത്യാ-ചൈനാ സംഘര്‍ഷം: മൂന്നു വന്‍കിട ചൈനീസ് പദ്ധതികള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര

20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുമുമ്പ് മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപക സംഗമത്തില്‍ അന്തിമ രൂപം നല്‍കിയ 5,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മരവിപ്പിച്ചത്.

Update: 2020-06-22 11:08 GMT

മുംബൈ: ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പദ്ധതികള്‍ക്ക് മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ മരവിപ്പിച്ചു. 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുമുമ്പ് മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപക സംഗമത്തില്‍ അന്തിമ രൂപം നല്‍കിയ 5,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മരവിപ്പിച്ചത്.

'അതെ, കേന്ദ്രവുമായി ആലോചിച്ച ശേഷമാണ് തീരുമാനം. തങ്ങള്‍ പദ്ധതികള്‍ നിര്‍ത്തിവച്ചു, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്'- മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി എന്‍ഡിടിവിയോട് പറഞ്ഞു.

ചൈനീസ് കമ്പനികളുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നേരത്തെ ഒപ്പുവച്ച കോടികളുടെ കരാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചൈനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇന്ത്യക്കാരുടെ പ്രതികരണം.

അടുത്തിടെ മഹാരാഷ്ട്രയില്‍ നടന്ന മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപ സംഗമത്തില്‍ വച്ചാണ് ചൈനീസ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചിരുന്നത്. ഇതാണ് താല്‍ക്കാലികമായി റദ്ദാക്കാന്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തീരുമാനിച്ചത്.

പൂനെക്കടുത്ത് ഓട്ടോ മൊബൈല്‍ പ്ലാന്റ് നിര്‍മിക്കുന്ന കരാര്‍ ഗ്രേറ്റ് വാള്‍ മോട്ടോസുമായിട്ടാണ് ഒപ്പുവച്ചിരുന്നത്. 3770 കോടി രൂപയുടേതായിരുന്നു കരാര്‍. കൂടാതെ, പിഎംഐ ഇലക്ട്രോ മൊബിലിറ്റിയും ചൈനയുടെ ഫോട്ടനും സംയുക്തമായി ആവിഷ്‌ക്കരിച്ച 1000 കോടിയുടെ പദ്ധതിയും മരവിപ്പിച്ചു.

സാമ്പത്തിക രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപ സംഗമം നടത്തിയത്. കൊറോണക്ക് ശേഷമുള്ള അതിവേഗ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണമുണ്ടായത്.

ചൈനീസ് കമ്പനികള്‍ക്ക് പുറമെ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, അമേരിക്ക കമ്പനികളുമായി ഇന്ത്യന്‍ കമ്പനികള്‍ ഒട്ടേറെ കരാര്‍ ഒപ്പുവച്ചിരുന്നു. ചൈനയുമയുള്ള മൂന്ന് കരാറുകള്‍ മരവിപ്പിച്ചു. ബാക്കി രാജ്യങ്ങളിലെ കമ്പനികളുമായുള്ള ഒമ്പത് കരാറുമായി മുന്നോട്ട് പോകുമെന്നും വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു. 

Tags:    

Similar News