മുംബൈ: ശിവസേനയ്ക്കുള്ളില്‍ വിമതനീക്കം ശക്തമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സഖ്യസര്‍ക്കാരിന്റെ ഭാവി തുലാസിലായി. ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാംപില്‍ നിന്ന് പുറത്തുവന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. അതിനിടെ, രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും.
വിമത എംഎല്‍എമാരെ ആദ്യം സൂറത്തിലെ ഹോട്ടലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശിവസേനയുടെ നേതൃത്വത്തില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ധവ് താക്കറെ നിയോഗിച്ച ശിവേസനാ നേതാക്കളാണ് ഹോട്ടലിലെത്തിലെ വിമതരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന വിമതരുടെ ആവശ്യം ശിവസേന തള്ളുകയായിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നിരീക്ഷകനായി അയച്ചിട്ടുണ്ട്. വിമതനീക്കത്തിന് പിന്നില്‍ പങ്കില്ലെന്നാണ് ബിജെപി വാദിക്കുന്നതെങ്കിലും വിമത എംഎല്‍എമാരുടെ സംരക്ഷണം ഇപ്പോള്‍ ബിജെപിയാണ് ഏറ്റെടുത്തിരിക്കുന്നത്.
ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തി വിമതരെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. രാജ്യസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നില്‍ തിരിച്ചടി നേരിട്ട മഹാവികാസ് അഘാഡി സഖ്യത്തിന് വിമതനീക്കം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ശിവസേനയിലെ മുതിര്‍ന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്‌നാഥ് ശിന്‍ഡേയാണ് ഗുജറാത്ത് സൂറത്തിലെ ലെ മറീഡിയന്‍ ഹോട്ടലിലേക്ക് എംഎല്‍എമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎല്‍എമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്ത്യശാസനം നല്‍കി. പക്ഷേ, യോഗത്തിന് പകുതി അംഗങ്ങള്‍ പോലും എത്തിയില്ലെന്നാണ് വിവരം. ബിജെപിക്കൊപ്പം നിന്ന് സര്‍ക്കാരുണ്ടാക്കണമെന്നാണ് ഏക്‌നാഥ് ശിന്‍ഡേ മുന്നോട്ടുവച്ച നിര്‍ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
അതേസമയം, നിയമസഭയില്‍ തങ്ങള്‍ക്കൊപ്പം 134 പേരുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മഹാവികാസ് അഘാഡി സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ഒളിവില്‍ പോയ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എംഎല്‍എമാരുണ്ടെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. തിങ്കളാഴ്ച നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, ബിജെപി 134 വോട്ടുകള്‍ നേടിയിരുന്നു. അതിനര്‍ഥം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ശുപാര്‍ശ ബിജെപിക്ക് ലഭിച്ചാല്‍ അത് ഗൗരവകരമായി പരിഗണിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ നിലവില്‍ 287 പേരാണുള്ളത്. ഒരു എംഎല്‍എ മരണപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയാല്‍ ഭൂരിപക്ഷം നേടാന്‍ 144 വോട്ടുകളാണ് ആവശ്യം.
ശിവസേന നയിക്കുന്ന എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങിയ മഹാവികാസ് അഘാഡി സഖ്യത്തിന് 152 എംഎല്‍എമാരാണ് സഭയിലുള്ളത്. ശിവസേനയുടെ 56 എംഎല്‍എമാരില്‍ 21 എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുജറാത്തില്‍ ഒളിവില്‍ പോയപ്പോള്‍ ശിവസേന എംഎല്‍എമാരുടെ എണ്ണം 34 ആയി കുറഞ്ഞു. ഇതോടെ ഭരണകക്ഷിയിലെ എംഎല്‍എമാരുടെ എണ്ണം 130 ആയി. ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഒളിവില്‍ പോയ എംഎല്‍എമാര്‍ രാജിവച്ചാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 133 വോട്ടാണ്. അതിനിടെയാണ് 134 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവുമായി ബിജെപി നേതാവ് സുധീര്‍ മുന്‍ഗന്തിവാര്‍ രംഗത്തെത്തിയത്. ഇന്നലെ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 134 വോട്ടുകളാണ് ബിജെപി നേടിയത്.