മാസ്‌ക് നിര്‍ബന്ധമല്ല; കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി മഹാരാഷ്ട്ര

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി.

Update: 2022-03-31 17:42 GMT

മുംബൈ: മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമങ്ങള്‍ പ്രകാരം ഏര്‍പ്പെടുത്തിയ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയുടെ പുതുവത്സര ദിനമായ ഗുഡി പദ്‌വ ആഘോഷിക്കുന്ന ഏപ്രില്‍ രണ്ടു മുതലാണു പ്രാബല്യം.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. റംസാന്‍, രാമനവമി, ബി ആര്‍ അംബേദ്കര്‍ ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ആവേശം പകരും.

"ഗുഡി പദ്‌വ പുതുവര്‍ഷത്തിന്റെ തുടക്കമാണ്. പഴയത് മാറ്റിവച്ച് പുതിയൊരു ജോലി തുടങ്ങാനുള്ള ദിവസമാണിത്. രണ്ട് വര്‍ഷമായി നമ്മള്‍ മാരകമായ കൊറോണ വൈറസിനെ വിജയകരമായി നേരിട്ടു. ഇന്നത് ഇല്ലാതാവുന്നതായി തോന്നുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പകര്‍ച്ചവ്യാധി നിയമവും പുതിയ തുടക്കത്തിനായി ഗുഡി പദ്‌വ മുതല്‍ പൂര്‍ണമായും നീക്കുന്നു," സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി താക്കറെ പറഞ്ഞു.

അതേസമയം, ഭാവിയില്‍ കൊവിഡ് വ്യാപനം തടയാന്‍, ആളുകള്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും വാക്‌സിനേഷന്‍ എടുക്കേണ്ടതും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുയോജ്യമായ പെരുമാറ്റം പിന്തുടര്‍ന്ന് ആളുകള്‍ തങ്ങളെയും മറ്റുള്ളവരെയും കൊവിഡില്‍ നിന്ന് രക്ഷിക്കണമെന്നും താക്കറെ പറഞ്ഞു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് 24 നും 30 നും ഇടയില്‍ മഹാരാഷ്ട്രയില്‍ 1,024 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 വരെ സംസ്ഥാനത്ത് 960 സജീവ കേസുകളാണുള്ളത്.

എല്ലാ നിയന്ത്രണങ്ങളും നീക്കാനുള്ള മന്ത്രിസഭാ തീരുമാനത്തോടെ നിര്‍ബന്ധിത ഇരട്ട വാക്‌സിനേഷന്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയമങ്ങള്‍ ഇനി ബാധകമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു. "ആളുകള്‍ ശ്രദ്ധ കൈവെടിയരുത്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ല. എന്നാല്‍ തങ്ങളെയും മറ്റുള്ളവരെയും പരിപാലിക്കാന്‍ കഴിയുന്നിടത്തെല്ലാം മാസ്‌ക് ധരിക്കണം …വരാനിരിക്കുന്ന ഉത്സവങ്ങള്‍ നമുക്ക് പൂര്‍ണ ആവേശത്തോടെ ആഘോഷിക്കാം,"അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News