ജയ് ശ്രീറാം വിളിച്ചില്ല; സംഘപരിവാർ തല്ലിക്കൊല്ലാൻ ശ്രമിച്ച മുസ്‌ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികള്‍
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷം ജയ് ശ്രീറാം വിളിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ ഹിന്ദു ദമ്പതികളാണ് യുവാവിന്‍റെ രക്ഷകനായത്.
ഔറംഗബാദ്: ജയ് ശ്രീറാം വിളിക്കാത്തതിനെ തുടര്‍ന്ന് ഔറംഗബാദിൽ സംഘപരിവാർ തല്ലിക്കൊല്ലാൻ ശ്രമിച്ച മുസ്‌ലിം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതികള്‍. ഹോട്ടല്‍ ജീവനക്കാരനായ ഇമ്രാന്‍ ഇസ്മായില്‍ പാട്ടീലിനെയാണ് മര്‍ദിച്ചത്.
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷം ജയ് ശ്രീറാം വിളിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്. ബെഗുമ്പുര പ്രദേശത്തെ ഹഡ്‌കോ കോർണറിന് സമീപം പത്ത് ഗുണ്ടകൾ ചേർന്ന സംഘം തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഹിന്ദു ദമ്പതികളാണ് യുവാവിന്‍റെ രക്ഷകനായത്.
അക്രമികളില്‍ നിന്ന് ബൈക്ക് തിരികെ വാങ്ങി നല്‍കിയ ദമ്പതിമാര്‍ ഇമ്രാന്‍ സുരക്ഷിതമായി വീട്ടിലെത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. ഭീഷണിയില്‍ ഭയന്ന് അക്രമികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദമ്പതിമാര്‍ തയ്യാറായിട്ടില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം നടക്കുന്നുണ്ടെന്നും പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് ഇൻസ്പെക്ടർ മധുകർ സാവന്ത് പറഞ്ഞു. ഐപിസി സെക്ഷനുകൾ 153-എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തൽ), 144 (നിയമവിരുദ്ധ അസംബ്ലി) എന്നിവ പ്രകാരം മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുസ്‌ലിംകളെ നിർബന്ധിച്ച് 'ജയ് ശ്രീ റാം' വിളിപ്പിച്ച നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.