'ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ല'; ബിജെപിക്കെതിരേ ഭീഷണി മുഴക്കി ഹിന്ദു മഹാസഭാ നേതാവ്

ആരാണ് സര്‍ക്കാര്‍ ഭരിക്കുന്നത്? കോണ്‍ഗ്രസ് ഭരണകാലത്താണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ സ്ഥിതി ഇതുപോലെയാവുമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഹിന്ദു മഹാസഭ ഉള്ളിടത്തോളം കാലം ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല- ധര്‍മേന്ദ്ര ഓര്‍മപ്പെടുത്തി.

Update: 2021-09-19 06:48 GMT

മംഗളൂരു: കര്‍ണാടകയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ക്ഷേത്രം പൊളിച്ചുമാറ്റിയ സംഭത്തില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് ഹിന്ദു മഹാസഭ രംഗത്ത്. മൈസൂരുവിലെ പുരാതനമായ ഹിന്ദു ക്ഷേത്രം പൊളിക്കാന്‍ അനുമതി നല്‍കിയതുവഴി ബിജെപി ഹിന്ദുക്കളെ പിന്നില്‍നിന്നു കുത്തുകയാണ് ചെയ്തതെന്ന് ഹിന്ദു മഹാസഭാ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര കുറ്റപ്പെടുത്തി. ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മഹാത്മാഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ലെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. മംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിക്കെതിരേ ഭീഷണിയുമായി ധര്‍മേന്ദ്ര രംഗത്തുവന്നത്.

കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റപ്പെട്ടതാണ് ഹിന്ദു മഹാസഭയെ ചൊടിപ്പിച്ചിരിക്കുന്നത്. 'ഞങ്ങള്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് മഹാത്മാഗാന്ധിയെ കൊല്ലാതെ വെറുതെ വിട്ടിട്ടില്ല. അതുകൊണ്ട് നിങ്ങളെ ഒഴിവാക്കുമെന്ന് കരുതുന്നുണ്ടോ ? ' ചിത്രദുര്‍ഗ, ദക്ഷിണ കന്നഡ, മൈസൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ തകര്‍ത്തു. ആരാണ് സര്‍ക്കാര്‍ ഭരിക്കുന്നത്? കോണ്‍ഗ്രസ് ഭരണകാലത്താണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ സ്ഥിതി ഇതുപോലെയാവുമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഹിന്ദു മഹാസഭ ഉള്ളിടത്തോളം കാലം ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല- ധര്‍മേന്ദ്ര ഓര്‍മപ്പെടുത്തി.

മൈസൂര്‍ ജില്ലാ ഭരണകൂടം ഒരു ക്ഷേത്രം പൊളിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് പ്രകോപനപ്രസംഗവുമായി ഹിന്ദു മഹാസഭ രംഗത്തുവന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്തതിനെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തിലാണ് മൈസൂരു ജില്ലാ ഭരണകൂടം നടപടിയുമായി മുന്നോട്ടുപോയത്. 2009 സപ്തംബര്‍ 29ന് ശേഷം നിര്‍മിച്ച എല്ലാ നിയമവിരുദ്ധ മതപരമായ കെട്ടിടങ്ങളും അനുവദിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആഗസ്ത് 12 ന് ഹൈക്കോടതി അറിയിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന്റെ ഭാഗമായി എന്തുകൊണ്ടാണ് ചര്‍ച്ചുകളും പള്ളികളും പൊളിക്കാത്തതെന്ന് ധര്‍മേന്ദ്ര ചോദിച്ചു. 'നമ്മുടെ ഭരണഘടന തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഹിന്ദുക്കളെ മാത്രം ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്?'

ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പോരാട്ടം ബിജെപി സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള ഒരു നാടകം മാത്രമാണ്. സംഘപരിവാറിനോട് പുച്ഛം മാത്രമാണ് തോന്നുന്നതെന്നും ധര്‍മേന്ദ്ര പറഞ്ഞു. അതേസമയം, ക്ഷേത്രം പൊളിക്കാനുള്ള പദ്ധതി മൈസൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചിട്ടില്ലെന്നും ഇത് തെറ്റായ നടപടിയാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വിവാദങ്ങളോട് പ്രതികരിച്ചത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കുമെന്നും പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായാണ് റിപോര്‍ട്ടുകള്‍. തിടുക്കത്തിലുള്ള നടപടി സ്വീകരിക്കരുതെന്ന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും ആവശ്യപ്പെടുമെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ച് തുടര്‍നടപടികള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News