നീതി ന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; പി സി ജോര്‍ജിനെതിരേ മലങ്കര ഓര്‍ത്തഡോക്‌സ് സഭ

Update: 2021-02-05 07:10 GMT
കോട്ടയം: സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന സത്യാഗ്രഹത്തെ പിന്തുണ പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവനയാണ് മലങ്കര ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ചൊടിപ്പിച്ചത്. പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുളളതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഒരു ജനപ്രതിനിധി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ചത് നിയമലംഘനമാണ്. നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുകയാണ്. പാത്രിയര്‍ക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്നു പ്രസ്താവിക്കാന്‍ പി സി ജോര്‍ജിനെ പ്രേരിപ്പിച്ചത് എന്താണെന്നു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഇരു വിഭാഗത്തെയും വിശദമായി കേട്ട ശേഷം ഇന്ത്യയുടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവില്‍ വിമര്‍ശിക്കുന്നത് നിയമസഭാംഗത്തിന് ചേരുന്ന പ്രവൃത്തിയല്ല. വാസ്തവ വിരുദ്ധമായ കണക്കുകള്‍ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമം അനുസരിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. കോടതിയില്‍ നിന്നു പാത്രിയര്‍ക്കീസ് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്നു പറയുന്നവര്‍ കോടതി വിധികള്‍ അവര്‍ക്ക് എതിരായി വരുന്നതിന്റെ കാരണം ഇതുവരെ പരിശോധിക്കാന്‍ ശ്രമിക്കാത്തത് ഖേദകരമാണ്.

    കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ 35ല്‍ പരം ന്യായാധിപന്മാര്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിച്ച വിഷയമാണ് ഇപ്പോള്‍ സഭയ്ക്ക് മുന്നിലുള്ളത്. കേസുകള്‍ കൊടുക്കുകയും വിധി വരുമ്പോള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റേത്. ഇതിനെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രയനേതാക്കളും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്ന് പൊതുജനം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ ദീയസ്‌കോറോസ് വ്യക്തമാക്കി.

Justice challenges the judiciary; Malankara Orthodox Church against PC George

Tags:    

Similar News