യുക്രെയ്ന്‍ യുദ്ധമുഖത്ത് കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍; ആശങ്കയോടെ കുടുംബങ്ങള്‍

Update: 2022-02-26 07:31 GMT

കാസര്‍കോട്: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ യുക്രെയ്‌നില്‍ കുടുങ്ങിപ്പോയ മക്കളെയോര്‍ത്ത് ആശങ്കയോടെ കണ്ണീരും പ്രാര്‍ത്ഥനയിലുമായി കഴിഞ്ഞുകൂടുകയാണ് മലയാളി കുടുംബങ്ങള്‍. കാസര്‍കോട് ജില്ലയിലെ കാസര്‍കോട് വലിയപറമ്പിലെ പി കെ സി അബ്ദുറഹിമാന്‍ ഹാജിയുടെ ചെറുമകളും മാവിലാകടപ്പുറത്തെ കെ പി റഹ്മത്തിന്റെ മകളുമായ അഫ്‌റാശ അശ്‌റഫും പടന്നക്കാരിയായ എം വി ഷുഹൈലയും യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എങ്ങനെയെങ്കിലും തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കുന്നത്.

മൂന്ന് മാസം മുമ്പ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനു യുക്രെയ്‌നിലെത്തിയ അഫ്‌റാശ മെയലോവ് യൂനിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. കോഴിക്കോടുള്ള ഏജന്‍സി മുഖാന്തരം ഭീമമായ സംഖ്യയുടെ പാക്കേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടരുന്ന അഫ്‌റാശയുടെ ഒരുവര്‍ഷത്തേക്കുള്ള മുഴുവന്‍ സംഖ്യയും മുന്‍കൂറായി അടച്ചുതീര്‍ത്തതായി വല്യുപ്പ പി കെ സി അബ്ദുറഹിമാന്‍ ഹാജി വിശദീകരിച്ചു. ഇതുവരെയുള്ള പഠനവും താമസ, ഭക്ഷണ സൗകര്യവും മികച്ചതായിരുന്നുവെന്ന് അഫ്‌റാശ അറിയിച്ചു. പടന്നയില്‍നിന്നും തൃക്കരിപ്പൂരില്‍നിന്നുമായി 15 ഓളം വിദ്യാര്‍ഥികള്‍ അഫ്‌റാശയോടൊപ്പമുണ്ട്. പെട്ടെന്ന് കടന്നുവന്ന യുദ്ധം അവരുടെ ജീവിത സ്വപ്‌നങ്ങള്‍ മുഴുവനും അട്ടിമറിച്ചിരിക്കുകയാണ്.

മെയലോവ് പ്രവശ്യയില്‍ കടുത്ത യുദ്ധസാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നാല്‍, രാജ്യം മുഴുവന്‍ റഷ്യയ്ക്ക് കീഴടങ്ങിയെന്ന പ്രതീതിയാണ് തദ്ദേശീയര്‍ വച്ചുപുലര്‍ത്തുന്നത്. സ്വന്തം നാട് വിട്ടു അവര്‍ അഭയാര്‍ഥികളായി പലായനം ചെയ്യുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. മെയലോവ് പ്രവശ്യയിലെ ഇന്ത്യക്കാരോട് റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് എത്തിച്ചേരാനാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മെയലോവ് പട്ടണത്തില്‍നിന്ന് കേവലം 8 കി.മി. മാത്രം അടുത്താണ് റൊമാനിയ. അവിടെ നിന്നും എയര്‍പോര്‍ട്ടിലേക്ക് 400 കി.മീ പിന്നെയും സഞ്ചരിക്കേണ്ടതുണ്ട്. ഇതിനെല്ലാമുള്ള സജ്ജീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന് ഭീമമായ സംഖ്യ ചെലവഴിക്കേണ്ടതുണ്ട്. ഇത് വകവച്ചുതരാന്‍ അഡ്മിഷന്‍ ഏജന്‍സിയോ യൂനിവേഴ്‌സിറ്റി അധികൃതരോ തയ്യാറാവുന്നുമില്ല.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ നീക്കം കാണാത്തതില്‍ ഇന്ത്യക്കാര്‍ ആശങ്കാകുലരാണ്. അതിനിടയില്‍ യുക്രെയ്‌നില്‍ കുടുങ്ങിയ തമിഴ്‌നാട്ടുകാരുടെ മുഴുവന്‍ യാത്രാ ചെലവും തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിക്കുകയുണ്ടായി. തങ്ങളുടെ മകളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരിച്ചുകിട്ടുന്നതിനു കുടുംബം കണ്ണീരോടെ പ്രാര്‍ത്ഥനയിലുമാണെന്ന് പി കെ സി അബ്ദുല്ല ഫേസ്ബുക്കില്‍ കുറിച്ചു. പ്രവാസി സംരക്ഷണത്തിനു വിപുലമായ സംവിധാനമുള്ള കേരളം ഇക്കാര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന് മുന്‍ യൂത്ത് ലീഗ് നേതാവും പ്രവാസിയുമായ കെ പി മൊഹ്‌സിന്‍ മഹമൂദ് കുറ്റപ്പെടുത്തി.

മലയാളികള്‍ വിദ്യാര്‍ഥികള്‍ ധാരാളമായി കുടുങ്ങിക്കിടക്കുന്നതായ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുക്രെയ്‌യിനിലെ കറാസിന്‍ യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് പടന്നക്കാരിയായ എം വി ഷുഹൈല. ഇന്നലെ ഉച്ച മുതല്‍ ബങ്കറിനകത്ത് കഴിച്ചുകൂട്ടിയ ഷുഹൈലയും കൂട്ടുകാരികളും ഇന്ന് രാവിലെ സ്വന്തം റിസ്‌കില്‍ പുറത്തിറങ്ങി സമീപത്ത് തന്നെയുള്ള ഹോസ്റ്റല്‍ മുറിയില്‍ കയറിക്കൂടി. ഷുഹൈലയുമായി ഫോണില്‍ സംസാരിച്ചതായി ജലീല്‍ പടന്ന എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. കടുത്ത ഭീതിയിലും ആശങ്കയിലുമാണവര്‍.

എംബസിയില്‍നിന്നും കൃത്യമായ അറിയിപ്പുകളൊന്നും ലഭ്യമാവുന്നില്ലത്രെ. മൈനസ് രണ്ട് ഡിഗ്രി തണുപ്പില്‍, ബങ്കറിനകത്ത് ഏറെ നേരം കഴിച്ചുകൂട്ടുന്നത് പ്രയാസകരമാണെന്നും പറഞ്ഞു. പുറത്ത് ഷെല്ലിങ്ങിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും ബങ്കറിലേയ്ക്ക് മാറുകയാണെന്നുമുള്ള ഷുഹൈലയുടെ ശബ്ദസന്ദേശമാണ് പിന്നീട് ലഭിച്ചത്. എന്നാല്‍, അല്‍പം മുമ്പ് വീണ്ടും അവരുമായി സംസാരിക്കാന്‍ കഴിഞ്ഞു. ഞങ്ങളെ ഇവിടെ നിന്നും രക്ഷപ്പെടുത്താന്‍ എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് ഷുഹൈലയും കൂട്ടുകാരും നെഞ്ചിടിപ്പോടെ ചോദിച്ചത്- അദ്ദേഹം കുറിച്ചു.

Tags:    

Similar News