ബിജെപിയെ നിഷ്പ്രഭമാക്കിയ തേരോട്ടത്തില്‍ മമത തകര്‍ത്തെറിഞ്ഞത് നിരവധി റെക്കോര്‍ഡുകള്‍
മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 58,389 വോട്ടുകള്‍ക്കാണ് മമത തൊട്ടടുത്ത ബിജെപി സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിച്ചത്.
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭബാനിപൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ മിന്നും ജയം ആ പദവിയില്‍ തുടരാനാകുമെന്ന് ഉറപ്പുവരുത്തുക മാത്രമല്ല പാര്‍ട്ടിയുടെ അനിഷേധ്യ മേധാവി സ്ഥാനം അരക്കിട്ടുറപ്പിക്കുന്നത് കൂടിയായിരുന്നു. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 58,389 വോട്ടുകള്‍ക്കാണ് മമത തൊട്ടടുത്ത ബിജെപി സ്ഥാനാര്‍ഥിയെ മലര്‍ത്തിയടിച്ചത്.
സിപിഎം തകര്‍ന്നടിയുടെ കാഴ്ചയ്ക്കും ഭബാനിപൂര്‍ സാക്ഷിയായി. സിപിഎമ്മിന്റെ ശ്രീജിബ് വിശ്വാസിന് 4,226 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ നിന്ന് വിജയിച്ച സോവന്ദേബ് ചാത്തോപാധ്യായ് നന്ദിഗ്രാമില്‍ മുന്‍ സഹായി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനര്‍ജിക്ക് വഴിയൊരുക്കാനായി രാജിവച്ചൊഴിയുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രുദ്രനില്‍ ഘോഷിന്റെ 36,768 വോട്ടിനെതിരേ 63,505 വോട്ടുകളാണ് സോവന്ദേബ് ചാത്തോപാധ്യായ് നേടിയത്. 26,719 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇദ്ദേഹം ജയിച്ചത്.
ചതോപാധ്യായക്ക് 56.6 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞപ്പോള്‍, മമതയ്ക്ക് അഞ്ചു മാസത്തിനുള്ളില്‍ ഇത് 71.9 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. 15 ശതമാനത്തിലധികം വര്‍ദ്ധനവാണ് അവര്‍ നേടിയത്. മറുവശത്ത്, ചാത്തോപാധ്യായ്‌ക്കെതിരേ ഘോഷ് 35.1 ശതമാനം വോട്ട് നേടിയിരുന്നു. എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ ഇത് 22.9 ശതമാനമായി. 12.2 ശതമാനത്തിന്റെ കുറവാണ് ബിജെപി സ്ഥാനാര്‍ഥിക്കുണ്ടായത്. ഭബാനിപൂര്‍ വിജയം മറ്റ് കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
2011ലെ തിരഞ്ഞെടുപ്പില്‍, 34 വര്‍ഷം ഭരിച്ച ഇടതുമുന്നണി സര്‍ക്കാരിനെതിരേയുണ്ടായ വര്‍ധിച്ച തോതിലുള്ള ഭരണ വിരുദ്ധ വിരുദ്ധ തരംഗങ്ങളുടെ അകമ്പടിയില്‍ സഞ്ചരിച്ച മമത 54,213 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ അവര്‍ ആ റെക്കോര്‍ഡും തകര്‍ത്തു.
2011ല്‍ അവര്‍ 57.1 ശതമാനം വോട്ടുകള്‍ നേടി ചതോപാധ്യായയേക്കാള്‍ അല്പം മുന്നിലെത്തിയിരുന്നു. 2021ല്‍ ബാനര്‍ജി മൊത്തം വോട്ടുകളുടെ 71.9 ശതമാനമാണ് നേടിയിരിക്കുന്നത്. അത് ഒരു റെക്കോര്‍ഡാണ്. സമീപകാലത്ത്, ഇത്രയും വലിയ ശതമാനം വോട്ടുകള്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന സംസേര്‍ഗഞ്ചിലും ജങ്കിപുരിലും ടിഎംസി തന്നെയാണ് നേട്ടം കൊയ്തത്.