മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് പിതാവ്
അമ്മയുടെ പരാതിയില്‍ പോലിസ് നടപടിയെടുത്തില്ലെന്ന് ആരോപണം
ചിത്രം 1) കുട്ടിയുടെ പിതാവ് ആഞ്ജനേയ പ്രസാദ്. ചിത്രം 2) കൊല്ലപ്പെട്ട ഗുട്ട ആഞ്ജനേയലു
അമരാവതി: പ്രായപൂര്‍ത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പിതാവ് തല്ലിക്കൊന്നു. അന്നമായ ജില്ലയിലെ ഒബുലവരിപള്ളി സ്വദേശിയായ 35കാരന്‍ ആഞ്ജനേയ പ്രസാദാണ് ബന്ധുവായ ഗുട്ട ആഞ്ജനേയലു(59)വിനെ കൊന്നതെന്ന് എസ്പി എന്‍ സുധാകര്‍ പറഞ്ഞു. മകളെ ബന്ധു പീഡിപ്പിക്കാന്‍ ശ്രമിച്ചത് അറിഞ്ഞ് കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന ആഞ്ജനേയ പ്രസാദ് നാട്ടില്‍ എത്തിയാണ് കൊല നടത്തിയത്. കൊലക്ക് ശേഷം ഇയാള്‍ കുവൈത്തിലേക്ക് തിരികെ പോവുകയും ചെയ്തു. അവിടെ നിന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റ് വീഡിയോയും പുറത്തുവിട്ടു.
ആഞ്ജനേയ പ്രസാദും ഭാര്യ ചന്ദ്രകലയും നിലവില്‍ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. 12 വയസുകാരിയായ മകള്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് കുട്ടി ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിയുടെ വീട്ടിലേക്ക് മാറി. അവിടെ വച്ച് ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പിതാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇക്കാര്യം കുട്ടി ലക്ഷ്മിയോട് പറഞ്ഞെങ്കിലും പുറത്തുപറയരുതെന്നാണ് ലക്ഷ്മി നിര്‍ദേശിച്ചത്. പിന്നീട് കുട്ടി മാതാപിതാക്കളെ കാണാന്‍ കുവൈത്തില്‍ പോയി. അപ്പോഴാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ചന്ദ്രകല പോലിസില്‍ പരാതി നല്‍കി. എന്നാല്‍, കുടുംബപ്രശ്‌നമെന്ന നിലയില്‍ കേസ് ഒത്തുതീര്‍ക്കാനാണ് പോലിസ് ശ്രമിച്ചതത്രെ. ഇതോടെ പ്രതിയെ കൊല്ലാന്‍ പിതാവ് തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ ഏഴിന് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ ആഞ്ജനേയ പ്രസാദ് ഇരുമ്പുവടി കൊണ്ടാണ് പ്രതിയെ തല്ലിക്കൊന്നത്. കൊലക്ക് ശേഷം കുവൈത്തിലേക്ക് തിരികെ പോവുകയും ചെയ്തു. ഗുട്ട ആഞ്ജനേയലുവിനെ ആരാണ് കൊന്നതെന്ന് അറിയാതെ വലയുകയായിരുന്ന പോലിസ് വെളിപ്പെടുത്തലോടെ ആഞ്ജനേയ പ്രസാദിനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പോലിസിന് മുന്നില്‍ ഹാജരാവാമെന്ന് ആഞ്ജനേയ പ്രസാദ് പോലിസിനെ അറിയിച്ചിട്ടുണ്ട്.