കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ പ്രതി ബിജെപി സ്ഥാനാര്‍ത്ഥി
ബിജെപി പ്രാദേശിക നേതാവ് കെ എന്‍ വിജയനാണ് പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്നത്. ഇയാളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്.
കോട്ടയം: കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ കേസില്‍ ജാമ്യത്തിലുള്ള പ്രതി ബിജെപിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. ബിജെപി പ്രാദേശിക നേതാവ് കെ എന്‍ വിജയനാണ് പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്നത്. ഇയാളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് ആയുധ ശേഖരുമായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. പത്തു തോക്കുകളും വെടിയുണ്ടകളും പോലിസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. റിമാന്‍ഡിലായ വിജയന്‍, ഇപ്പോള്‍ കേസില്‍ ജാമ്യത്തിലാണ്.
വെല്‍ഡിങ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഉള്‍പ്പെടെ അറസ്റ്റിലായത്. പിടിയിലായവരുടെ വീടുകള്‍ റെയ്ഡ് നടത്തിയപ്പോഴാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി തുടങ്ങിയവ പൊലിസ് പിടിച്ചെടുത്തിരുന്നു.
കൊമ്പിലാക്കല്‍ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്‌കുമാര്‍ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃതമായി ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
എന്നാല്‍ കേസന്വേഷണത്തില്‍ പള്ളിക്കത്തോട് പോലീസ് വീഴ്ചവരുത്തിയെന്ന് ആരോപണം ഉയര്‍ന്നു. പ്രധാന പ്രതികള്‍ നല്‍കിയ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഇവരില്‍ നിന്ന് തോക്കുകള്‍ വാങ്ങിയ പ്രമുഖരിലേക്ക് അന്വേഷണം എത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പോലിസ് പ്രതികളെ സഹായിച്ചു എന്നും ആക്ഷേപവും ശക്തമാണ്.