ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ നിന്ന് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ മുങ്ങി; പ്രതി കര്‍ണാടകയില്‍ പിടിയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങിയ പ്രതി പിടിയിലായി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മുഹമ്മദ് ഷെരീഫി (41) നെയാണ് ഡല്‍ഹി പോലിസ് അറസ്റ്റുചെയ്തത്. നാല് മാസത്തെ വാടക നല്‍കാതെയായിരുന്നു പ്രതി സ്ഥലം വിട്ടത്. അബൂദബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് ഒന്നിന് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ 427ാം നമ്പര്‍ മുറിയെടുത്ത ഇയാള്‍ മൂന്നുമാസത്തോളം താമസിച്ച് നവംബര്‍ 20ന് വാടക നല്‍കാതെ ഹോട്ടലില്‍നിന്ന് മുങ്ങി. വാടകയ്ക്കു പുറമെ മുറിയിലെ വെള്ളിപ്പാത്രങ്ങളും പേള്‍ ട്രേയും ഇയാള്‍ മോഷ്ടിച്ചതായും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാല്‍, 11.5 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയത്. നവംബര്‍ 20ന് അതേ തിയ്യതിയിലുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജീവനക്കാര്‍ക്ക് കൈമാറി.
ചെക്ക് മടങ്ങിയതോടെ ജനറല്‍ മാനേജര്‍ അനുപം ദാസ് ഗുപ്തയുടെ പരാതിയില്‍ ജനുവരി 14ന് സരോജിനി നഗര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടലിന് 23,46,413 രൂപയുടെ വന്‍നഷ്ടം വരുത്തിയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. അബൂദബി ഷെയ്ക്കുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്ന് ഇയാള്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി വന്നതാണെന്നും വ്യക്തമാക്കി. ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഒരു ബിസിനസ്സ് കാര്‍ഡും യുഎഇ റെസിഡന്റ് കാര്‍ഡും ഇയാള്‍ നല്‍കിയിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പോലിസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ജനുവരി 19ന് കര്‍ണാടകയില്‍ നിന്ന് പിടികൂടിയ പ്രതിയെ പോലിസ് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.