രാഹുല്‍ഗാന്ധിയെ പൂട്ടിയിട്ട് തല്ലണമെന്ന ആഹ്വാനം; ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്
ബെംഗളൂരു: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്. മംഗളൂരു സിറ്റി നോര്‍ത്ത് എംഎല്‍എ ഡോ. ഭരത് ഷെട്ടിക്കെതിരേയാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 351(3), 353 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതിനുപുറമെ ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പൊലിസ് നോട്ടിസ് അയക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനകം ഹാജരാവണമെന്നാണ് കാവൂര്‍ പോലിസ് അയച്ച നോട്ടീസില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറിന്റെ പരാതിയിലാണ് നടപടി.
രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണമെന്നും മംഗളൂരു നഗരത്തില്‍ വന്നാല്‍ ഞങ്ങള്‍ അത് ചെയ്യുമെന്നുമാണ് ബിജെപി സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ ഭരത്‌ഷെട്ടി പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരേ മാത്രമല്ല, കേരളത്തിലെ മുസ് ലിം ലീഗ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തെ ഹിന്ദുവിരുദ്ധമെന്ന് വ്യാഖാനിച്ചായിരുന്നു ഭീഷണി. 'ഹിന്ദു സമൂഹം ശാസ്ത്രങ്ങളില്‍ അഥവാ വേദങ്ങളില്‍ എത്രമാത്രം വിശ്വസിക്കുന്നു. അത്രത്തോളം തന്നെ ശസ്ത്രങ്ങളില്‍ അഥവാ ആയുധങ്ങളിലും വിശ്വസിക്കുന്നുണ്ട്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം. പക്ഷേ, അത് ഉപയോഗിക്കാതിരിക്കുകയാണ്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കും. രാഹുല്‍ ഗാന്ധി അത് ഉപയോഗിക്കാന്‍ ഹിന്ദുക്കളെ ഉണര്‍ത്തുകയാണ്. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്. ആരെങ്കിലും അദ്ദേഹത്തെ പാര്‍ലമെന്റില്‍ പൂട്ടിയിട്ട് തല്ലിയിരുന്നെങ്കിലെന്ന്. ഏഴോ എട്ടോ കേസുകള്‍ വന്നേക്കാം. ഹിന്ദു ദൈവമായ ശിവന്റെ ചിത്രമാണ് രാഹുല്‍ ഗാന്ധി കൈവശം വച്ചിരിക്കുന്നത്. ശിവന്‍ തന്റെ മൂന്നാം കണ്ണ് തുറന്നാല്‍ അവന്‍ ചാരമായി മാറുമെന്ന് ആ ഭ്രാന്തന് അറിയില്ല. ഹിന്ദു വിരുദ്ധ നയമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്. ഹിന്ദുക്കളെ കുറിച്ച് താന്‍ എന്ത് പറഞ്ഞാലും അവര്‍ നിശബ്ദമായി കേള്‍ക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. അദ്ദേഹം പാര്‍ലമെന്റില്‍ കുരച്ചാല്‍ പ്രാദേശിക നേതാക്കള്‍ ഇവിടെ വാലാട്ടാന്‍ തുടങ്ങും. ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണ്. ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞുതുടങ്ങി. ഇത്തരം നേതാക്കള്‍ കാരണം ഹിന്ദുക്കള്‍ക്ക് ഭാവിയില്‍ ആപത്ത് നേരിടേണ്ടിവരും. ഹിന്ദുക്കള്‍ വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവര്‍ സൃഷ്ടിക്കും. രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുമ്പോള്‍ മതേതരവാദിയായി മാറും. തമിഴ്‌നാട്ടില്‍ അദ്ദേഹം നിരീശ്വരവാദിയാവും. ഗുജറാത്തിലെത്തുമ്പോള്‍ ഭഗവാന്റെ കടുത്ത ഭക്തനായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 99 ലോക്‌സഭാ സീറ്റുകള്‍ മാത്രം നേടിയിട്ടാണ് രാഹുല്‍ ഗാന്ധി വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്നത്.
ശിവജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോള്‍െ ആയുധമെടുക്കാന്‍ ഞങ്ങള്‍ക്കറിയാം. പാര്‍ലമെന്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുല്‍ ഗാന്ധി ശരിയായിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് എഐയുഡിഎഫ് പ്രസിഡന്റ് ബദറുദ്ദീന്‍ അജ്മലിനെപ്പോലുള്ള നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും ഭരത് ഷെട്ടി പറഞ്ഞതായി ഡെയ്ജി വേള്‍ഡ് റിപോര്‍ട്ട് ചെയ്തു. ചില രാഷ്ട്രീയ നേതാക്കളുടെ ഹിന്ദുക്കള്‍ക്കെതിരെയുള്ള ഭീഷണികളോട് അദ്ദേഹം നിസ്സംഗത കാട്ടുകയാണ്. രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധ പ്രസ്താവനകളും ഹിന്ദുക്കള്‍ക്കെതിരായ അക്രമാസക്തമായ പരാമര്‍ശങ്ങളും അവഗണിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്ന ആളുകളെ നിങ്ങള്‍ ശ്രദ്ധിക്കൂ. അസമിലെ ബദ്‌റുദ്ദീന്‍ അജ്മല്‍ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നു. അദ്ദേഹം ഹിന്ദുക്കള്‍ക്ക് നേരെ അക്രമം കാണിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തയാളാണ്. കേരളത്തിലെ മുസ് ലിം ലീഗ് എംപിമാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കത്തിക്കുമെന്ന് പ്രസംഗിച്ചതും രാഹുല്‍ ഗാന്ധി അവണിക്കുകയാണ്. അസദുദ്ദീന്‍ ഉവൈസിയുടെ ഇസ്‌ലാം, ഷിയ-സുന്നി ഇസ്‌ലാം, വഹാബി ഇസ്‌ലാം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ആര്‍എസ്എസിനെയും വിവേകാനന്ദന്റെ ഹിന്ദുത്വത്തെയും വേര്‍തിരിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിരുദ്ധ വികാരങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിനുള്ളിലെ ഹിന്ദുക്കള്‍ തയ്യാറാവണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹിന്ദു താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.