രാഹുല്‍ വയനാട്ടില്‍: ആവേശത്തില്‍ യുഡിഎഫ്; ആശങ്കയോടെ എല്‍ഡിഎഫ്

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് തെക്കെ ഇന്ത്യയില്‍ നിന്നും പാര്‍ലമെന്റിലേക്ക് കൂടുതല്‍ സീറ്റുകള്‍. ഇതോടൊപ്പം കേരളത്തിലെ 20 സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും പറയുന്നു.

Update: 2019-03-23 09:29 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മല്‍സരിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് തെക്കെ ഇന്ത്യയില്‍ നിന്നും പാര്‍ലമെന്റിലേക്ക് കൂടുതല്‍ സീറ്റുകള്‍. ഇതോടൊപ്പം കേരളത്തിലെ 20 സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും പറയുന്നു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി മണ്ഡലത്തില്‍ നിന്നും പിന്മാറാനുള്ള പൂര്‍ണ്ണ സന്നദ്ധത സിദ്ദിഖ് എഐസിസിയെയും അറിയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരത്തിനെത്തുന്നത്. വയനാട്ടില്‍ രാഹുലിന്റെ തിരഞ്ഞെടുപ്പ് സാന്നിധ്യം ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് എഐസിസിയുടെ നിര്‍ണ്ണായക നീക്കം.

ഇതോടെ കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അത്യാവേശത്തിലാണ്. വയനാട്ടില്‍ മല്‍സരിക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്നും ഇക്കാര്യം ടി സിദ്ദിഖിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശദമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രാഹുലിന്റെ വരവ് സംസ്ഥാനത്ത് എല്‍ഡിഎഫിനേയും എന്‍ഡിഎയും ആശങ്കയിലാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഐ ഗ്രൂപ്പിന്റെ അടിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം. രണ്ട് സീറ്റില്‍ മല്‍സരികുന്ന രാഹുല്‍ഗാന്ധി ജയിച്ചാല്‍ ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന് ആദ്യം പറയണം. അമേഠിയിലെ പരാജയ ഭീതിയാണോ രണ്ടു സീറ്റില്‍ മല്‍സരിക്കാന്‍ കാരണമായതെന്നും

രാഹുല്‍ വ്യക്തമാക്കണമെന്ന് കോടിയേരി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി. അതുകൊണ്ടാണ് ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തത്. രാഹുല്‍ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് അവസരം കൈവന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News