നിലപാടിലുറച്ച് മാണി; നിര്‍ണായക ചര്‍ച്ചയ്ക്ക് ജോസഫ് ഇന്ന് തിരുവനന്തപുരത്ത്
കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കെ എം മാണി
കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ പ്രശ്‌നപരിഹാരത്തിനായി ഇന്ന് നിര്‍ണായക യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എന്തു തീരുമാനമെടുക്കാനും മടിക്കില്ലെന്നാണ് ജോസഫ് വിഭാഗം നല്‍കുന്ന സൂചന. എന്നാല്‍, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി. തിരുവനന്തപുരത്തെത്തുന്ന പി ജെ ജോസഫ് തങ്ങളുടെ പരാതികള്‍ കോണ്‍ഗ്രസ് നേതാക്കളെയും അറിയിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പി ജെ ജോസഫ് കാണുമെന്നാണു വിവരം. കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കളുടെ കൂടെ പിന്തുണയോടെയാണ് പി ജെ ജോസഫ് കോട്ടയം സീറ്റ് ആവശ്യപ്പെട്ടത്. അതിനാല്‍ തന്നെ ഇന്നത്തെ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പോവുന്നതിനു മുമ്പ് പി ജെ ജോസഫ് പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയത് സഭയുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ്.
എന്നാല്‍, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കെ എം മാണി. അതേസമയം, അപ്രതീക്ഷിതമായി മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും അമര്‍ഷമുണ്ടെന്നാണു സൂചന. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നതും മുന്നണിയെ ബാധിക്കുമെന്നതിനാലുമാണ് പലരും മിണ്ടാതിരിക്കുന്നത്. ജോസഫ് ഇന്നത്തെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കും. കോണ്‍ഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. അവസാനഘട്ടമെന്ന നിലയില്‍ സമ്മര്‍ദ്ദമുയര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയെ പിളര്‍ത്തിയാലും മുന്നണി വിട്ടുപോവേണ്ടെന്ന നിലപാടാണ് പലര്‍ക്കുമുള്ളത്. ഏതായാലും ഇന്നത്തെ ചര്‍ച്ചയോടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ നിര്‍ണായക വഴിത്തിരിവിലെത്തും.