മണിപ്പൂരിലെ ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിച്ചു

Update: 2023-07-25 12:22 GMT

ഇംഫാല്‍: മൂന്നു മാസത്തിലേറെയായി കലാപം നടക്കുന്ന മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിച്ചു. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ പുനസ്ഥാപിച്ചെങ്കിലും മൊബൈല്‍ ഡാറ്റാ സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്. ഭൂരിപക്ഷമായ മെയ്തി സമുദായവും ന്യൂനപക്ഷമായ കുക്കി ഗോത്രവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. 80ലേറെ ദിവസത്തിനു ശേഷമാണ് ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കുന്നത്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. ഇത് സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ കേന്ദ്രീകൃത സേവനങ്ങള്‍ എന്നിവയ്ക്കു പുറമെ, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പുറത്തറിയുന്നതിനും തടസ്സം സൃഷ്ടിച്ചിരുന്നു. മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോ പുറത്തുവന്നതോടെ ഇന്റര്‍നെറ്റ് വിലക്കിനെതിരേ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിഷേധം രൂക്ഷമാവുന്നതിനിടെയാണ് ഇന്റര്‍നെറ്റ് വിലക്ക് ഭാഗികമായി പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായത്. എങ്കിലും സ്റ്റാറ്റിക് ഐപി വഴി മാത്രം കണക്ഷന്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് വിലക്ക്, സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും വിപിഎന്നും അനുവദിക്കില്ല, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ദിവസേന മാറ്റുന്നത് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് ബ്രോഡ്ബാന്‍ഡ് സേവനം പുനരാരംഭിച്ചത്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്. ഏപ്രില്‍ 28ന് ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ ജില്ലകളിലാണ് ആദ്യം ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. പിന്നീട് ഇത് മെയ് 3ന് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഓരോ അഞ്ച് ദിവസത്തിലും ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീട്ടുകയായരുന്നു.

Tags:    

Similar News