മണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട്

Update: 2023-05-27 07:38 GMT

കൊച്ചി: മണിപ്പുരിലുണ്ടായ കലാപം ഒരു പാഠമായി ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും കാണേണ്ടതുണ്ടെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട്. അധികാരത്തിലെത്തിയാല്‍ നിറംമാറുന്ന ബിജെപിയുടെ മുഖമാണ് മണിപ്പുരില്‍ വ്യക്തമാവുന്നത്. തീവ്രഹിന്ദുത്വ സംഘടനകളുടെ സ്വാധീനം വിവിധ സംസ്ഥാനങ്ങളിലെന്നതുപോലെ മണിപ്പുരിലെ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിലും പ്രകടമായിരുന്നുവെന്നും മണിപ്പുര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കെസിബിസി ജാഗ്രതാ കമ്മിഷന്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല, മണിപ്പൂരില്‍ കലാപമുണ്ടാക്കിയതിന്റെ പശ്ചാത്തലവും വിശദമായ റിപോര്‍്ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട. മണിപ്പുരില്‍ പോരാട്ടങ്ങള്‍ കൂടുതലും ഉണ്ടായത് ഗോത്രവര്‍ഗങ്ങള്‍ തമ്മിലാണ്. പക്ഷേ, മുന്‍കാലത്തെ വിഷയങ്ങളല്ല ഇപ്പോഴത്തെ കലാപങ്ങള്‍ക്കു പിന്നില്‍. മതപരവും വര്‍ഗീയവുമായ ധ്രുവീകരണം ജനങ്ങള്‍ക്കിടയില്‍ സംഭവിച്ചിരിക്കുന്നു.

    റിപോര്‍ട്ടുകള്‍ പ്രകാരം കലാപം നടന്ന ആദ്യ നാലു ദിവസങ്ങള്‍ക്കിടെ 121 െ്രെകസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. അവയില്‍ 76 ദേവാലയങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. പിന്നീടും പലപ്പോഴായി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ആക്രമിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളില്‍ മെയ്‌തെയി വിഭാഗത്തിലെ ക്രൈസ്തവരുടെ അനേകം പള്ളികളും ഉള്‍പ്പെടുന്നു. അതിനര്‍ത്ഥം, കലാപകാരികള്‍ ലക്ഷ്യംവച്ചത് കുക്കികളെ മാത്രമല്ല എന്നുള്ളതാണ്. 1700 ലേറെ വീടുകളാണ് പൂര്‍ണ്ണമായോ ഭാഗികമായോ ആ ദിവസങ്ങള്‍ക്കിടയില്‍ നശിപ്പിക്കപ്പെട്ടത്. വ്യാപകമായി സ്വത്തുവകകള്‍ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. വിവിധ റിപോര്‍ട്ടുകള്‍ പ്രകാരം കുക്കി വിഭാഗത്തില്‍ പെട്ട 45000ലേറെ ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളിലുണ്ട്. എന്നാല്‍, മെയ്‌തെയി വിഭാഗത്തില്‍പെട്ടവരില്‍ പലായനം ചെയ്യേണ്ടതായിവന്നവര്‍ വിരളമാണ്. കുക്കികള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ട കാഴ്ചയാണ് കലാപ ദിവസങ്ങളില്‍ കണ്ടത്. താഴ്‌വരകളില്‍ വന്നുതാമസിച്ചിരുന്ന കുക്കികളുടെ ഭവനങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. മെയ്‌തെയ് വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളും ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള കുന്നുകളിലെ ജില്ലകളായ ചുരചന്ദ്പൂര്‍, കാങ്‌പോക്പി, തെങ്‌നൗപല്‍ ജില്ലകളുമായിരുന്നു പ്രധാന പ്രശ്‌നബാധിത മേഖലകള്‍.

    മെയ്തി വിഭാഗത്തില്‍ ഹൈന്ദവരാണ് ഏറിയ പങ്കുമെങ്കില്‍ കുകി, നാഗ ഗോത്രവിഭാഗങ്ങളില്‍ ക്രൈസ്തവരാണു കൂടുതല്‍. മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗക്കാരില്‍ 92 ശതമാനവും ക്രൈസ്തവരാണ്. ഇരുവിഭാഗങ്ങളും പരസ്പരം ആക്രമിച്ചെങ്കിലും കുക്കികള്‍ക്കെതിരേ സംഘടിത ആക്രമണ പരമ്പരകളാണ് നടന്നത്. ആയുധധാരികളായ ആള്‍ക്കൂട്ടങ്ങളാണ് നേതൃത്വം നല്‍കിയത്. സംഘടിതസ്വഭാവത്തിലുള്ള കലാപത്തിനുപിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, വിദ്വേഷപ്രസംഗവും കലാപം കത്തിക്കാന്‍ കാരണമായെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു. ആഴ്ചകള്‍ക്കു മുമ്പ് വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കുന്ന രീതിയില്‍ രാമാനന്ദ എന്നയാള്‍ പ്രസംഗിച്ചതും തങ്ങളുടെ സ്വത്വവും സംസ്‌കാരവും മതവിശ്വാസവും സംരക്ഷിക്കുമെന്ന് ഒരുവിഭാഗം മെയ്തികള്‍ പ്രതിജ്ഞയെടുത്തതും കലാപത്തിനുള്ള ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരമൊരു അസ്ഥിരാവസ്ഥ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ പദ്ധതിയിട്ടത് ആരാണെ പൊതുസമൂഹം തിരിച്ചയണം. മെയ്തി വംശജനായ മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാട് മാറ്റങ്ങള്‍ക്കും അതില്‍ വലിയപങ്കുണ്ടെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

    പ്രാകൃത സാമൂഹിക വ്യവസ്ഥിതികളെ അതിജീവിച്ച് സാവകാശം ഒത്തൊരുമയുടെ പാതയില്‍ നടന്നുതുടങ്ങിയിരുന്ന മണിപ്പൂരിലെ സമുദായങ്ങള്‍ക്കിടയില്‍ ഗുരുതരമായ വിള്ളലുകള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മെയ്മാസം ആദ്യ ആഴ്ചയിലെ അനിഷ്ട സംഭവങ്ങള്‍ക്കൊണ്ട് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിക്കുന്നില്ല. ചെറുതും വലുതുമായ രീതിയില്‍ അവ തുടരുകയാണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് ഭരണസ്ഥിരത ഉറപ്പുവരുത്താന്‍ പരിശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്താത്തപക്ഷം ഒരു സംസ്ഥാനം മാത്രമല്ല, ഈ രാജ്യം മുഴുവന്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തീര്‍ച്ച. ഇത്തരം ഗൂഢലക്ഷ്യങ്ങളോടെ സമൂഹത്തില്‍ അസ്ഥിരതയും അസ്വസ്ഥതകളും സൃഷ്ടിക്കുന്നവര്‍ക്ക് വേണ്ടി മതത്തിന്റെയും വര്‍ഗീയതയുടെയും ഭാഷ്യങ്ങള്‍ മെനഞ്ഞ് വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമ സിന്‍ഡിക്കറ്റുകളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ നാം തയ്യാറാവണമെന്നും കെസിബിസി കമ്മീഷന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

കെസിബിസി ജാഗ്രതാ കമ്മീഷന്‍ മണിപ്പൂര്‍ കലാപത്തെ കുറിച്ച് നടത്തിയ അന്വേഷണ റിപോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം:

http://kcbcjagratha.com/Views_Readmore.aspx?news_id=45


Tags:    

Similar News