ഇംഫാല്‍: കലാപം അരങ്ങേറിയ മണിപ്പൂരില്‍ വീണ്ടും തീവയ്പും വെടിവയ്പ്പും തുടരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്ന അധികൃതരുടെ അവകാശവാദങ്ങള്‍ക്കിടെയാണ് ചുരാചന്ദ്പൂരിനോട് ചേര്‍ന്നുള്ള കാംവായ് അതിര്‍ത്തിയിലുള്ള മോള്‍ഗട്ട് ഗ്രാമത്തില്‍ ഇന്ന് രാവിലെ പുതിയ അക്രമം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ എട്ടു മണിയോടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സമൂഹമായ കുക്കി വിഭാഗവും ഹിന്ദു ഭൂരിപക്ഷ വിഭാഗമായ മെയ്‌തേയ് സമൂഹവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപോര്‍ട്ട്. തീവയ്പും അക്രമവും തുടരുന്നതിനാല്‍ വെടിവയ്പുണ്ടായതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മണിപ്പൂര്‍ കലാപത്തില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ നഗരങ്ങളിലൊന്നായ ചുരാചന്ദ്പൂരിന് സമീപം തന്നെയാളുള് കംവായി മോള്‍ഗോട്ട് ഗ്രാമത്തിലാണ് വീണ്ടും സംഘര്‍ഷം അരങ്ങേറിയത്. നിരവധി വീടുകള്‍ കത്തിച്ചതായാണ് റിപോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ എത്ര പേര്‍ക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ചോ കൃത്യമായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മെയ് 3 മുതല്‍ മണിപ്പൂരിലുണ്ടായ കലാപത്തില്‍ 1,700 വീടുകള്‍ അഗ്‌നിക്കിരയാക്കുകയും സ്ത്രീകളടക്കം 60 പേര്‍ കൊല്ലപ്പെടുകയും 231 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നത്. അക്രമത്തിന് പ്രേരിപ്പിച്ച വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഉത്തരവാദിത്തം നിറവേറ്റാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നതതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം അതുവരെ 1,593 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 35,655 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അവകാശപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങളിലുമായി 20000ത്തോളം പേരാണ് പലായനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈന്യം നടപടികള്‍ ശക്തമാക്കിയത്. അതിനിടെ, പ്രക്ഷോഭകരില്‍ സുരക്ഷാ സേനയില്‍ നിന്ന് 1,041 ആയുധങ്ങളും 7,460 വെടിക്കോപ്പുകളും തട്ടിയെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ 214 ആയുധങ്ങളും 4,273 വെടിക്കോപ്പുകളും മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നത്. ഭൂരിപക്ഷ വിഭാഗമായ മെയ്തി സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ എതിര്‍ത്ത് മണിപ്പൂരിലെ ഓള്‍ െ്രെടബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ആഹ്വാനം ചെയ്ത ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ചിനു പിന്നാലെയാണ് അക്രമം അരങ്ങേറുകയും സംസ്ഥാന വ്യാപകമായ കലാപത്തിലേക്ക് നയിക്കുകയും ചെയ്തത്. സംഘര്‍ഷം രൂക്ഷമായതോടെ കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിടുകയും ഇന്റര്‍നെറ്റിനും സാമൂഹിക മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കലാപത്തിനിടെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന് ബിജെപി മുഖ്യമന്ത്രിയായ എന്‍ ബിരേന്‍ സിങ് രാജിവയ്ക്കണമെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും നാഗാലാന്‍ഡിലെ റൈസിങ് പീപ്പിള്‍സ് പാര്‍ട്ടി ആവശ്യപ്പെട്ടു. എല്ലാ ഭൂമിയും സംസ്ഥാനത്തിന്റേതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന, താന്‍ ഇംഫാല്‍ താഴ്‌വരയുടെ മുഖ്യമന്ത്രി മാത്രമാണെന്നാണ് തെളിയിക്കുന്നത്. അദ്ദേഹം കുക്കികളെ മയക്കുമരുന്ന് കൃഷിക്കാരും മനുഷ്യത്വരഹിതരുമാക്കി. കുക്കികളുടെ മൊത്തവ്യാപാരികളെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തിയെന്നും ആര്‍പിപി പ്രസ്താവനയില്‍ വ്യക്തമാക്കി.