ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു: 19 വര്‍ഷം ഒളിവില്‍; മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തര്‍ക്കമാണ് കൊലയിലെത്തിയത്‌

Update: 2024-12-07 14:33 GMT

കോട്ടയം: മാന്നാറില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. ആലുംമൂട് ജങ്ഷന് തെക്ക് കുട്ടമ്പേരൂര്‍ താമരപ്പള്ളില്‍ വീട്ടില്‍ ജയന്തി(39)യെ കൊന്നതിനാണ് ഭര്‍ത്താവ് ജി കുട്ടികൃഷ്ണനെ(60) വധശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യാണ് ശിക്ഷ വിധിച്ചത്.

2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൃഷ്ണനും ഭാര്യ ജയന്തിയും തമ്മില്‍ പകല്‍ താമരപ്പള്ളില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടായി. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കുട്ടിക്കൃഷ്ണന്‍ ആരോപിച്ചതാണ് കാരണം. തുടര്‍ന്ന് കുട്ടിക്കൃഷ്ണന്‍ ജയന്തിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. ബോധം കെട്ടപ്പോള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പിന്നീട് കഴുത്ത് അറുത്ത് തല തറയില്‍വച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ ഒന്നര വയസുള്ള മകള്‍ അടുത്തുണ്ടായിരുന്നു. അടുത്ത ദിവസം സ്വമേധയാ പോലിസില്‍ കീഴടങ്ങി.

എന്നാല്‍, ജാമ്യത്തിലിറങ്ങിയ ശേഷം കുട്ടിക്കൃഷ്ണന്‍ ഒളിവില്‍ പോയി. 19 വര്‍ഷമായി പ്രതി ഒളിവിലായതിനാല്‍ വിചാരണ തുടങ്ങാന്‍ സാധിക്കാത്ത കോടതി അറസ്റ്റ് വാറന്റ് ഇറക്കി. ഇയാളെ പിടിക്കാന്‍ 2023 ജൂണില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാര്‍, മാന്നാര്‍ എസ് എച്ച് ഒ ജോസ് മാത്യു എസ്‌ഐസിഎസ് അഭിരാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. 2023 ഒക്ടോബറില്‍ കളമശേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി സന്തോഷ്‌കുമാര്‍ ഹാജരായി.

Tags:    

Similar News