മാന്ദാമംഗലം പള്ളിത്തര്‍ക്കം: മെത്രാപ്പൊലീത്ത ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്ക്
സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്ക്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു.
തൃശൂര്‍: അവകാശത്തര്‍ക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ വ്യഴാഴ്ച്ച അര്‍ധരാത്രിയോടെ കല്ലേറും സംഘര്‍ഷവും. സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്ക്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു. പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങള്‍ക്കും പുറത്ത് പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തിരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പള്ളിക്കു മുന്നിലുണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
പരിക്കേറ്റ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. മത്തായി പനംകുറ്റിയില്‍, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ, രാജു പാലിശേരി, ജോണ്‍ വാഴാനി, എല്‍ദോ എന്നിവരെ കുന്നംകുളം അടുപ്പൂട്ടി മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ പി ടി വര്‍ഗീസ് (67), ബേസില്‍ സജന്‍ (20), പെരുമാരിയില്‍ ബാബു (47), സജന്‍ (48), യാക്കോബായ സഭാംഗങ്ങളായ പന്തപ്പിള്ളില്‍ ബാബു (52), ചൊള്ളക്കുഴിയില്‍ ബിജു (48), ചൊള്ളക്കുഴിയില്‍ ഷാജു (43), മീന്‍കുഴിക്കല്‍ ജെയിംസ് (53), പന്തപ്പള്ളില്‍ ആല്‍ബിന്‍ (25) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഗേറ്റും തകര്‍ത്തു. സ്ഥലത്തു പൊലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
രാത്രി മറുഭാഗത്തുനിന്ന് അപ്രതീക്ഷിതമായി കല്ലേറുണ്ടായതായി ഇരുവിഭാഗവും ആരോപിക്കുന്നു. സുപ്രിം കോടതി വിധി പ്രകാരം പള്ളിയില്‍ കയറി പ്രാര്‍ഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധന്‍ രാവിലെയാണ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാര്‍ പ്രധാന ഗേറ്റ് പൂട്ടി പള്ളിക്കുള്ളില്‍ പ്രാര്‍ഥനായജ്ഞം നടത്തിവരികയായിരുന്നു. സ്ഥലത്ത് പോലിസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നും അതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കിയതെന്നും ആരോപണമുണ്ട്.