രക്തസാക്ഷി നിഘണ്ടു: എഡിറ്റോറിയല്‍ സംഘത്തിലെ മുസ് ലിംകള്‍ വളച്ചൊടിച്ചതെന്ന് സംഘപരിവാരം

Update: 2020-09-04 16:39 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ കുറിച്ചു കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഐസിഎച്ച്ആറും ചേര്‍ന്ന് പുറത്തിറക്കിയ രക്തസാക്ഷി നിഘണ്ടുവിനെതിരേ സംഘപരിവാരം രംഗത്ത്. എഡിറ്റോറിയല്‍ സംഘത്തിലെ മുസ് ലിംകളാണ് നിഘണ്ടു വളച്ചൊടിച്ചതെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയുടെയും സംഘപരിവാരത്തിന്റെയും പുതിയ കണ്ടുപിടുത്തം.

    പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ രക്തസാക്ഷി നിഘണ്ടുവില്‍ മലബാറിലെ സ്വാതന്ത്ര്യസമര പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ് ല്യാരും ഇടംപിടിച്ചതോടെ സംഘപരിവാരം പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ്. ഇതിനെ മറികടക്കാനാണ് റിസര്‍ച്ച് ആന്റ് എഡിറ്റോറിയല്‍ സംഘത്തിലുണ്ടായിരുന്ന അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അല്‍ത്താര്‍, മുഹമ്മദ് നിയാസ് എന്നിവര്‍ ചരിത്ര വിരുദ്ധമായ വളച്ചൊടിക്കല്‍ നടത്തിയെന്ന വാദവുമായി ശശികല ഫേസ്ബുക്ക് പോസ്റ്റിട്ടത്. സാമൂഹിക മാധ്യമങ്ങളിലും പ്രതിരോധിക്കാനാവാതെ സംഘപരിവാര അനുകൂലികള്‍ മലക്കംമറിയുകയാണ്.

    മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് നിഘണ്ടു പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സാംസ്‌കാരിക വകുപ്പും ഇന്ത്യന്‍ ചരിത്ര ഗവേഷക വകുപ്പും തെറ്റു തിരുത്തണമെന്നും ശശികല ആവശ്യപ്പെട്ടിട്ടുണ്ട്. വാരിയന്‍ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ് ല്യാരെയും ഹിന്ദു വംശഹത്യയ്ക്കു നേതൃത്വം നല്‍കിയവരെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ആക്ഷേപിക്കുന്നത്. പട്ടിക ഉള്‍പ്പെട്ട പുസ്തകം പിന്‍വലിക്കണമെന്ന് അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണെന്നും ശശികല വ്യക്തമാക്കുന്നു.

    വാരിയന്‍കുന്നത്തിനെ കുറിച്ചു സിനിമ വരുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ സംഘപരിവാര കേന്ദ്രങ്ങള്‍ വന്‍തോതില്‍ കുപ്രചാരണങ്ങളുമായി രംഗത്തെത്തുകയും മലബാര്‍ സമരത്തെ വക്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചരിത്രത്തെ വികലമാക്കിക്കൊണ്ടുള്ള സംഘപരിവാര പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ്, ബിജെപി സര്‍ക്കാരിനു കീഴിലുള്ള കേന്ദ്ര സാംസ്‌കാരിക വകുപ്പും ഐസിഎച്ച്ആറും വാരിയന്‍കുന്നത്തിനെയും ആലി മുസ് ലിയാരെയും വീരപുരുഷന്‍മാരെന്നു വിശേഷിപ്പിച്ച് നിഘണ്ടു പുറത്തിറക്കിയത്.




Tags:    

Similar News